Connect with us

Kozhikode

നാട്ടിന്‍പുറങ്ങളില്‍ വ്യാജ നോട്ടുകള്‍ വ്യാപകമാകുന്നു

Published

|

Last Updated

താമരശ്ശേരി: നാട്ടിന്‍പുറങ്ങളില്‍ വ്യാജനോട്ടുകള്‍ വ്യാപകമാകുന്നത് പൊതുജനത്തെയെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നു. ബേങ്കുകളില്‍ നിന്നും എ ടി എമ്മുകളില്‍നിന്നും ലഭിക്കുന്ന പണത്തില്‍ പോലും വ്യാജന്‍ കടന്നുകൂടുന്നത് സാധാരണക്കാര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയാണ്. രൂപയുടെ മുല്യത്തകര്‍ച്ച കാരണം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും വ്യാജനോട്ടുകളാണ് കൂടുതലായും വിതരണം ചെയ്യപ്പെടുന്നതെങ്കിലും അന്‍പതിന്റെയും നൂറിന്റെയും വ്യാജന്‍ വിപണിയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം പ്രമുഖ ബേങ്കിന്റെ എ ടി എമ്മില്‍ നിന്നും എല്‍ പി സ്‌കൂള്‍ അധ്യാപിക എടുത്ത പണത്തില്‍ ആയിരത്തിന്റെ വ്യാജനുണ്ടായിരുന്നു. താമരശ്ശേരിയിലെ കടയില്‍ നല്‍കിയപ്പോഴാണ് വ്യാജനെ തിരിച്ചറിഞ്ഞത്. കേസിനും മറ്റും ആകില്ലെന്നു പറഞ്ഞ് അധ്യാപിക ആയിരത്തിന്റെ നോട്ട് കീറി നശിപ്പിക്കുകയായിരുന്നു.

താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളില്‍ അടുത്തിടെയായി വ്യാജ നോട്ടുകളുടെ സാന്നിധ്യം സജീവമാണ്. സംശയിക്കപ്പെടാതിരിക്കാന്‍ ചെറുകിട തൊഴിലാളികള്‍ വഴിയാണ് വ്യാജ നോട്ടുകള്‍ വിപണിയിലിറക്കുന്നത്. പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ചോ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല.
അബദ്ധത്തില്‍ കൈയിലെത്തിപ്പെടുന്ന വ്യാജ നോട്ടുകള്‍ അക്കൗണ്ടുള്ള ബേങ്കില്‍ ഏല്‍പിച്ചാല്‍ യഥാര്‍ഥ നോട്ട് തിരികെ നല്‍കണമെന്ന് റിസര്‍വ് ബേങ്കിന്റെ നിര്‍ദേശമുണ്ട്. പണം അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ വ്യാജനെ കണ്ടെത്തിയാലും ഇടപാടുകാരന് പണം നഷ്ടപ്പെടാതിരിക്കാതെ നടപടി സ്വീകരിക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.എന്നാല്‍ വ്യാജനോട്ട് കണ്ടെത്തുന്നതോടെ കേസും കോടതിയുമാകുമെന്ന ധാരണയില്‍ പലരും നശിപ്പിക്കാറാണ് പതിവ്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനെ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ലെന്നതാണ് കള്ളനോട്ട് സംഘം മുതലെടുക്കുന്നത്.