പുതിയ കോടതികള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല

Posted on: November 17, 2014 12:02 am | Last updated: November 17, 2014 at 9:57 am

കൊല്ലം: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാനത്ത് പുതുതായി അനുവദിച്ച 27 കോടതികളില്‍ പകുതിയും ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളില്‍ മാത്രം 4.9 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 2.4 ലക്ഷം കേസുകളാണ് വിചാരണക്കായി ബാക്കിയുള്ളത്. ഇതു പരിഗണിച്ച് അനുവദിച്ച 27 കോടതികളില്‍ 18 എണ്ണവും എറണാകുളത്താണ്. ശേഷിക്കുന്ന അഞ്ച് എണ്ണം കൊല്ലത്തും മൂന്നെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം തൃശൂരിലുമാണ്. എന്നാല്‍ 14 കോടതികള്‍ മാത്രമാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.
കേസുകള്‍ അനിശ്ചിതമായി മാറ്റിവെക്കുന്നതാണ് ഇവ കുന്നുകൂടാന്‍ കാരണം. എന്നാല്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകള്‍ കൂടുന്നതും കേസുകള്‍ കെട്ടിക്കിടക്കുന്നതിനു കാരണമാകുന്നുണ്ട്. ജനങ്ങളും ജഡ്ജിമാരും തമ്മിലുള്ള അനുപാതത്തിലുള്ള അന്തരവും കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കാന്‍ കാരണമാണ്. പത്ത് ലക്ഷം പേര്‍ക്ക് 12 ജഡ്ജിമാര്‍ എന്നതാണ് കണക്ക്.
കൊല്ലം ജില്ലയില്‍ കടയ്ക്കലും പരവൂരും ചവറയുമാണ് കോടതി തുടങ്ങാന്‍ കഴിഞ്ഞത്. അതേസമയം, കൊല്ലം ജില്ലാ സെന്ററില്‍ പുതിയതായി അനുവദിച്ച കോടതിക്ക് സ്ഥലം കണ്ടെത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്താംകോട്ടയിലെ കെട്ടിടത്തിന്റെ വാടക നിജപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയായിട്ടുമില്ല. കൊല്ലത്ത് കോടതി സമുച്ചയത്തിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. എറണാകുളം ജില്ലയില്‍ സ്ഥലം കിട്ടാത്തതും വാടക നിജപ്പെടുത്തുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പുമാണ് കോടതി തുടങ്ങുന്നതിന് തടസ്സമാകുന്നത്. തിരുവനന്തപുരത്ത് അനുവദിച്ച മൂന്ന് കോടതികളില്‍ തിരുവനന്തപുരം ജില്ലാ സെന്ററിലെ നെഗോഷ്യബിള്‍ ഇസ്ട്രമെന്റ്‌സ് ആക്ട് കോടതി മാത്രമാണ് സ്ഥാപിക്കാന്‍ കഴിഞ്ഞത്. ആറ്റിങ്ങലും നെയ്യാറ്റിന്‍കരയിലും സ്ഥലം ലഭിക്കാത്തതിനാല്‍ പുതിയ കോടതികളുടെ നടപടികള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ 21 ാം ധനകാര്യ കമ്മീഷനില്‍ പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിനും നടത്തിപ്പിനും മതിയായ തുക വകയിരുത്തിയിട്ടുണ്ട്. ഈ തുക വിനിയോഗിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് അനുവദിച്ച മുഴുവന്‍ മജിസ്‌ട്രേറ്റ് കോടതികളും അടിയന്തരമായി തുടങ്ങാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് സത്വര നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് സംസ്ഥാന കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്.