Connect with us

Kerala

മാധ്യമ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടംവേണം: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

കൊച്ചി: മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്തപൂര്‍ണമാകുന്നതിന് പെരുമാറ്റച്ചട്ടം ആവശ്യമാണെന്നും ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും ചിന്തിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ സി ജോസഫ്. ജനാധിപത്യത്തിലൂടെ കൈവന്നിരിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് വേണ്ട വിധത്തിലാണോയെന്ന് ആത്മവിമര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രസ് അക്കാദമിയില്‍ ദേശീയ മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അച്ചടിമാധ്യമങ്ങളില്‍ പരിശോധനക്കും വിലയിരുത്തലിനും ഇപ്പോഴും സംവിധാനമുണ്ട്. എന്നാല്‍ കേള്‍ക്കുന്നതെന്തും വിളിച്ചുപറയുന്ന ദൃശ്യമാധ്യമങ്ങളുടെ ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരത്തില്‍ യാഥാര്‍ഥ്യങ്ങളും സത്യവും ക്രൂശിക്കപ്പെടുന്നു. വാര്‍ത്തകളുടെ വിശ്വാസ്യത പരിശോധിക്കാതെ ആദ്യം സ്‌ക്രീനിലെത്തിക്കാനുള്ള മത്സരം ജനാധിപത്യത്തിന് അനാരോഗ്യകരമാണ്. വാണിജ്യ താതപര്യം മുന്‍നിര്‍ത്തിയുള്ള റേറ്റിംഗില്‍ പിടിച്ചുനില്‍ക്കാനുള്ള മത്സരത്തില്‍ സത്യം തമസ്‌കരിക്കരുതെന്ന് മന്ത്രി പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രോത്സവം സംബന്ധിച്ച് വിഖ്യാത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമാക്കി മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. അതേസമയം പല സംഭവങ്ങളും ഏറ്റെടുക്കുന്നതായി ഭാവിക്കുന്ന മാധ്യമങ്ങള്‍ പിന്നീട് ഇവയെ വഴിയിലുപേക്ഷിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ സി രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. “പൊതുകാര്യങ്ങളിലെ സുതാര്യത; മാധ്യമങ്ങളുടെ പങ്ക്” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സിഎന്‍എന്‍ – ഐബിഎന്‍ മാനേജിംഗ് എഡിറ്റര്‍ ആര്‍ രാധാകൃഷ്ണന്‍, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രസ് അക്കാദമി സെക്രട്ടറി എന്‍ എസ് അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ പി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിച്ചു. പ്രസ് അക്കാദമി പ്രസിദ്ധീകരണമായ മീഡിയയുടെ ദേശീയ മാധ്യമ ദിനപ്പതിപ്പ് മന്ത്രി കെ സി ജോസഫ് പ്രകാശനം ചെയ്തു. അക്കാദമിയില്‍ സജ്ജമാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂം, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനവും വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.

Latest