Connect with us

Kerala

ഗ്രാമീണവിദ്യാലയങ്ങളിലെ ജലമണി കുടിവെള്ള പദ്ധതി പാതി വഴിയിലൊതുങ്ങി

Published

|

Last Updated

കണ്ണൂര്‍: ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജലമണി പദ്ധതി പാതി വഴിയിലായി. ജല അതോറിട്ടിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കെടുകാര്യസ്ഥത മൂലമാണ് പദ്ധതി നടത്തിപ്പ് മുടന്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ 1282 സ്‌കൂളുകളില്‍ നടപ്പാക്കേണ്ടിയിരുന്ന പദ്ധതി കേവലം 498 സ്‌കൂളുകളില്‍ മാത്രമാണ് നടപ്പാക്കാനായത്. പട്ടിക വര്‍ഗ മേഖലയിലടക്കമുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ശുദ്ധജലവും സാമൂഹിക ശുചിത്വവും ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് 2009 ജനുവരിയില്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി 2.56 കോടിരൂപ കേന്ദ്രം സംസ്ഥാന ജല അതോറിട്ടിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഫണ്ടു ലഭിച്ചിട്ടും യഥാസമയം പദ്ധതി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.
ഫണ്ട് കിട്ടിയിട്ടും ഒന്നര വര്‍ഷത്തിനുശേഷം 2010 ആഗസ്ത് അവസാനമാണ് പദ്ധതിയുടെ ദര്‍ഘാസ് സര്‍ക്കാര്‍ വിളിക്കുന്നത്. ദര്‍ഘാസ് പ്രകാരം രണ്ട് കമ്പനികളെയാണ് പദ്ധതി നടത്തിപ്പിന് തിരഞ്ഞെടുത്തത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരു കമ്പനിയെ തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കുകയും 2011 ജനുവരിയില്‍ പൂനയിലെ ഫില്‍റ്റേഴ്‌സ്‌കമ്പനിക്ക് പദ്ധതി നടത്തിപ്പിനുളള ചുമതല നല്‍കുകയുമായിരുന്നു. ആദ്യ ഘട്ടം അവര്‍ 498 സ്‌കൂളുകളിലാണ് ഫില്‍റ്റര്‍ യൂനിറ്റുകള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സ്‌കൂളുകളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലം വര്‍ഷാവസാനം, ആവശ്യമായ മുഴുവന്‍ സ്‌കൂളുകളുടെ പട്ടിക നല്‍കാതെ എസ് എസ് എയും ഉദാസീനത കാട്ടി. എന്നാല്‍ രണ്ടാം ഘട്ടം 886 സ്‌കൂളുകളില്‍ ഫില്‍റ്റര്‍ യൂനിറ്റ് സ്ഥാപിക്കാനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ദര്‍ഘാസ് സമര്‍പ്പിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. പദ്ധതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പങ്കെടുത്ത കമ്പനികളുടെ വിശ്വാസ്യത സംശയനിഴലിലായതിനാല്‍ കരാര്‍ നല്‍കിയില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് നിലവിലുള്ളതിന്റെ പശ്ചാത്തലത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജല അതോറിട്ടി മാനേജിംഗ് ഡയറക്ടര്‍, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, എസ് എസ് എ പ്രൊജക്ട് ഡയറക്ടര്‍ എന്നിവര്‍ മുടങ്ങിയ പദ്ധതി പുനഃസ്ഥാപിക്കാന്‍ പിന്നീട് യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നടത്തിപ്പ് നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും ഇവരെ ചുമതലപ്പെടുത്തിയെങ്കിലും പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. പദ്ധതിയെക്കുറിച്ച് കൃത്യമായ വിവരം സ്‌കൂളുകളിലെത്തിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരാജയപ്പെട്ടതിനാല്‍ മിക്ക സ്‌കൂള്‍ അധികൃതര്‍ക്കും പദ്ധതിക്കായി രംഗത്തെത്താനും സാധിച്ചില്ല. ഇതോടെ അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ കുടിവെള്ള പരിപാടി പാതി വഴിയിലാകുകയും ചെയ്തു.
ജല അതോറിട്ടിയുടെ മുഖ്യചുമതലയിലുള്ള ജലമണി പദ്ധതി അവരുടെയും പൊതുവിദ്യഭ്യാസവകുപ്പിന്റെയും അനസ്ഥാ മൂലമാണ് പാതിവഴിയിലായതെന്നാണ് ആക്ഷേപം. ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ശുദ്ധജലം ലഭിക്കാത്തത് കുട്ടികളില്‍ ജലജന്യരോഗങ്ങള്‍ക്ക് ഇടയാക്കുന്നതായി നേരത്തെ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. നഗരമേഖലകളിലെ സ്‌കൂളുകളില്‍ മെച്ചപ്പെട്ട കുടിവെള്ളവിതരണത്തിന് പദ്ധതികളുണ്ടെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ ഇപ്പോഴും മലിനജലം കുടിച്ചു കഴിയേണ്ട ഗതികേടിലാണ്.

Latest