Connect with us

Kerala

പത്ത് കോടി ചെലവഴിച്ച ഹരിതതീരം പദ്ധതി പച്ചപിടിച്ചില്ല

Published

|

Last Updated

ചാവക്കാട്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ 10 കോടിയിലധികം രൂപ ചെലവിട്ട് നടപ്പിലാക്കിയ “ഹരിതതീരം” പദ്ധതി പച്ചപിടിച്ചില്ല. പദ്ധതിയുടെ ഭാഗമായി നട്ട ഫലവൃക്ഷ തൈകള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങി. സോഷ്യല്‍ ഫോറസ്റ്റും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.

തൈകള്‍ വെള്ളമൊഴിച്ച് സംരക്ഷിക്കുന്നതില്‍ പഞ്ചായത്ത് അധികൃതരും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും കാണിച്ച അനാസ്ഥയാണ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതിക്ക് മരണമണി മുഴക്കിയത്.
തൈകള്‍ സംരക്ഷിക്കാന്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ സഹകരിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഈ നിര്‍ദേശം പാലിച്ചില്ല. ഹരിതതീരം പദ്ധതിയുടെ ഭാഗമായി പഌവ്, മാവ് തുടങ്ങി 14 ഇനം വൃക്ഷത്തൈകള്‍ 1,500 എണ്ണം വീതം ഓരോ പഞ്ചായത്തിനും വിതരണത്തിനായി നല്‍കിയിരുന്നു. മേഖലകളിലെ സാംസ്‌ക്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ കൂടാതെ പഞ്ചായത്തുകള്‍ നേരിട്ടും തൈകള്‍ നട്ടു.
തൈകള്‍ പരിപാലിക്കുന്നതിനായി തൊഴിലുറപ്പു പദ്ധതിയിലെ വനിതാ അംഗങ്ങളെയും നിയമിച്ചു. ഇവര്‍ക്ക് 60 തൈകള്‍ രണ്ട് നേരം നനക്കുന്നതിനായി 60 രൂപ കൂലിയായി നല്‍കിയിരുന്നു. പൊതുമരാമത്ത് റോഡരുകിലും സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങിലാണ് തൈകള്‍ നട്ടിരുന്നത്.
എന്നാല്‍ സംരക്ഷണ വേലി സ്ഥാപിക്കാത്തതു മൂലം മൃഗങ്ങള്‍ ഭക്ഷിച്ചത് തൈകളുടെ നശീകരണത്തിന് കാരണമായി. ചിലയിടങ്ങളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ള സംരക്ഷണ വേലി സ്ഥാപിച്ചെങ്കിലും തൈകള്‍ക്ക് വെള്ളമൊഴിക്കാതായതോടെ ഇവ കരിഞ്ഞുണങ്ങുകയായിരുന്നു.

Latest