വൈദ്യുതിമുടക്കം പതിവ്; പൊറുതിമുട്ടി ജനം

Posted on: November 17, 2014 5:12 am | Last updated: November 16, 2014 at 9:12 pm

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു. ഇതോടെ ജനം ഏറെ ദുരിതത്തിലായി. നേരത്തെ മഴവന്നാലും കാറ്റടിച്ചാലും മുടങ്ങാറുള്ള വൈദ്യുതി ഇപ്പോള്‍ ഒരു കാരണവുമില്ലാതെയാണ് തുടരെതുടരെ വിഛേദിക്കുന്നത്. അതിനാല്‍ ആശുപത്രികളില്‍ പോലും അത്യാവശ്യംചെയ്യേണ്ട പല ചികിത്സകളും പരിശോധനകളും ഇതുമൂലം മുടങ്ങുകയാണെന്നു ആശുപത്രി അധികൃതര്‍ പറയുന്നു.
ദിവസവും നൂറുകണക്കിന് എക്‌സറേയും ഇസിജിയും മറ്റു വിവിധ പരിശോധനകളും നടക്കുന്ന സ്ഥലമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. ഇവിടെയും വൈദ്യുതി മുടക്കം പതിവാണ്. ഡയാലിസിസ് പോലും വൈദ്യുതിയില്ലാതെ മുടങ്ങുന്ന അവസ്ഥയുണ്ടാകുന്നു. മറ്റു സ്വകാര്യ ആശുപത്രിയുടേയും ഗതി ഇതാണ്. പത്രമാധ്യമ ഓഫിസുകളുടെയും സര്‍ക്കാര്‍ ഇതര ഓഫിസുകളുടേയും പ്രവര്‍ത്തനം താറുമാറാകുന്നു.
പലപ്പോഴും ഞായറാഴ്ചകളിലാണ് മുന്നറിയിപ്പോടെ അറ്റക്കുറ്റപണിക്കായി വൈദ്യുതി മുടക്കാറെങ്കിലും ഇപ്പോള്‍ എല്ലാദിവസവും വൈദ്യുതി മുടങ്ങുന്നു. അറ്റകുറ്റപണിയുടെ പേരിലാണ് വൈദ്യുതി വിഛേദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വൈദ്യുതി സെക്ഷന്‍അധികൃതരുടെ കളിയാണിതെന്നും പരാതിയുണ്ട്. കാരണമറിയാന്‍ ഓഫിസില്‍വിളിച്ചാല്‍തന്നെ ഫോണ്‍ എടുക്കാറില്ലെന്നും പറയുന്നു. ഈ ആഴ്ചയില്‍തന്നെ മൂന്നാം ദിവസമാണ് പകല്‍സമയം ഏറെക്കുറെ പൂര്‍ണമായും വൈദ്യുതിമുടങ്ങിയത്. ഇത്തരത്തില്‍ പതിവായി വൈദ്യുതി മുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.