Connect with us

Gulf

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കെട്ടിടം ദുബൈയില്‍ നിര്‍മിക്കും

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കെട്ടിടം ദുബൈയില്‍ പണിയാന്‍ അണിയറയില്‍ നീക്കം സജീവമായി. ഇതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കകം ഔദ്യോഗിക അറിയിപ്പുണ്ടാവുമെന്നാണ് കരുതുന്നത്.
ബുര്‍ജ് 2020 എന്ന പേരിലാണ് കെട്ടിടം പണിയുന്നത്. വേള്‍ഡ് എക്‌സ്‌പോ 2020ന് മുന്നോടിയായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. എക്‌സ്‌പോ അവസാനിച്ചാലും നഗരത്തിലെത്തുന്നവര്‍ക്ക് എക്‌സ്‌പോ നടന്നതിന്റെ സ്മരണക്കായി കെട്ടിടം നിലനില്‍ക്കുമെന്നതും നിര്‍മാതാക്കള്‍ക്ക് ആവേശം പകരുന്ന ഘടകമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ മാതൃകകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ തീരുമാനമായ ശേഷമായിരിക്കും എത്ര ഉയരത്തില്‍ എത്ര ചതുരശ്ര മീറ്ററില്‍ കെട്ടിടം യാഥാര്‍ഥ്യമാക്കണമെന്ന് അന്തിമമായി തീരുമാനിക്കുകയെന്ന് ബുര്‍ജ് 2020 ക്ക് ചുക്കാന്‍ പിടിക്കുന്ന ഡി എം സി സി ഫ്രീസോണിന്റെ ഡയറക്ടര്‍ ക്രിസ്റ്റ ഫോക്‌സ് വ്യക്തമാക്കി.
ബുര്‍ജ് ഡിസ്ട്രിക്ട് 2020ന്റെ ഭാഗമായാണ് കെട്ടിടവും യാഥാര്‍ഥ്യമാക്കുക. ഡിസ്ട്രിക്ടിന് മൊത്തത്തില്‍ 1,07,000 ചതുരശ്രമീറ്ററാണ് വിസ്തൃതിയുണ്ടാവുക. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഓഫീസ് ടവറുകളായി അറിയപ്പെടുന്നത് 2010ല്‍ പണി പൂര്‍ത്തിയാക്കിയ ടോക്യോയിലെ സ്‌കൈട്രീയാണ്. ഇതിന് 634 മീറ്ററാണ് ഉയരം. 80,000 കോടി ഡോളറാണ് ഈ പദ്ധതിക്കായി ജപ്പാന്‍ ചെലവഴിച്ചത്. 509 മീറ്റര്‍ ഉയരമുള്ള താപെയ് 101 ആണ് ഉയരത്തില്‍ രണ്ടാം സ്ഥാനത്തുള്ള വാണിജ്യ കെട്ടിടം. വേള്‍ഡ് എക്‌സ്‌പോ 2020 ആവുമ്പോഴേക്കും കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡി എം സി സിയുടെ നേതൃത്വത്തില്‍ ജെ എല്‍ ടിയില്‍ പണിത അല്‍മാസ് ടവറിന് 363 മീറ്റര്‍ ഉയരമുണ്ട്. ലോകത്തില്‍ ഉയരത്തില്‍ 14ാം സ്ഥാനത്താണ് ഈ കെട്ടിടം നിലയുറപ്പിച്ചിരിക്കുന്നത്.
ബുര്‍ജ് 2020 നഗരത്തിന്റെ ചരിത്രത്തില്‍ എക്കാലത്തേയും നാഴികകല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest