ജല വിതരണം കുറ്റമറ്റതാക്കാന്‍ 16.7 കോടി

Posted on: November 16, 2014 5:55 pm | Last updated: November 16, 2014 at 5:55 pm

ദുബൈ: 16.7 കോടി ദിര്‍ഹം ചെലവ് ചെയ്ത ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പദ്ധതി 44 ശതമാനം പൂര്‍ത്തിയായതായി ദിവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. 418 കിലോമീറ്റര്‍ ചുറ്റളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.
ജല വിതരണ പദ്ധതിയുടെ കാര്യശേഷിയും വിശ്വാസ്യതയും കുറേക്കൂടി ഉറപ്പുവരുത്താന്‍ ഈ പദ്ധതിക്ക് കഴിയും. ജനസംഖ്യ വര്‍ധിച്ചതിനാല്‍ ജല ഉപഭോഗത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് പദ്ധതി. പുതിയ സ്ഥലങ്ങളിലേക്ക് വെള്ളം പാഴായിപ്പോകാതെ എത്തിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഈ ശൃംഖലക്ക് ഉണ്ടാകും. വീടുകളിലെ പഴയ കണക്ഷനുകള്‍ മാറ്റി പുതിയ സ്ഥാപിക്കും. വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുന്ന സംവിധാനവും ഉണ്ടാകും. പരിസ്ഥിതി സൗഹൃദ പദ്ധതികൂടിയാണിത്.
16.7 കോടി ദിര്‍ഹമാണ് പദ്ധതിക്ക് വേണ്ടി ചെലവ് ചെയ്യുന്നതെങ്കിലും നിര്‍മാണച്ചെലവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ദുബൈയുടെ സാമൂഹികവും വാണിജ്യപരവും വിനോദസഞ്ചാര മേഖലയിലെ മുന്നേറ്റവും കണക്കിലെടുത്തുകൊണ്ടുള്ള ബൃഹത്തായ പദ്ധതിയാണിത്.
വാണിജ്യം, ധനം, വിനോദ സഞ്ചാരം എന്നീ മേഖലയില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ദുബൈ മാറിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്ന് അല്‍ തായര്‍ അറിയിച്ചു.