രാഹുല്‍ ആര്‍ നായര്‍ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Posted on: November 16, 2014 11:53 am | Last updated: November 16, 2014 at 11:23 pm

rahul-r-nair11111

തിരുവനന്തപുരം: രാഹുല്‍ ആര്‍ നായര്‍ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് സ്ഥിരീകരിച്ച് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. അടച്ചിട്ട ക്വാറികള്‍ തുറക്കുന്നതിന് പത്തനംതിട്ട എസ് പിയായിരിക്കെ രാഹുല്‍ ആര്‍ നായര്‍ പതിനേഴ് ലക്ഷം രൂപ കോഴ വാങ്ങിയത് സ്ഥിരീകരിക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

സംഭവത്തില്‍ കുറ്റക്കാരനായ രാഹുല്‍ ആര്‍ നായരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കി. എട്ട് ക്വാറി ഉടമകളില്‍ നിന്ന് തെളിവെടുത്തതില്‍ രാഹുല്‍ ആര്‍ നായര്‍ കൈക്കൂലി വാങ്ങിയെന്നാണ് പരാതി ലഭിച്ചത്.
തിരുവനന്തപുരം വിജിലന്‍സ് എസ് പിക്കാണ് അന്വേഷണച്ചുമതല. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രാഹുല്‍ ആര്‍ നായര്‍ നല്‍കിയ മൊഴിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. അടച്ചിട്ട ക്വാറികള്‍ തുറക്കുന്നതിന് എ ഡി ജി പി. ആര്‍ ശ്രീലേഖയും ഐ ജി മനോജ് എബ്രഹാമും പലതവണ ഫോണില്‍ ബന്ധപ്പെട്ട് സമ്മര്‍ദം ചെലുത്തിയെന്ന് രാഹുല്‍ ആര്‍ നായര്‍ മൊഴി നല്‍കിയതായി വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രാഹുല്‍ ആര്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അത് ക്വാറി തുറക്കുന്നതിനു വേണ്ടിയല്ലെന്നുമാണ് ശ്രീലേഖയും മനോജ് എബ്രഹാമും വിജിലന്‍സിന് നല്‍കിയ മൊഴി.
കോഴപ്പണം കൈപ്പറ്റിയതിന് പിന്നാലെ കൊച്ചിയില്‍ എസ് പി ഫഌറ്റ് വാങ്ങി. ഇടനിലക്കാരനായ പത്തനംതിട്ട സ്വദേശി അജിത് തോമസാണ് ഫഌറ്റിന്റെ ഫര്‍ണിഷിംഗ്, ടൈലിംഗ് ജോലികള്‍ ചെയ്യിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പത്തനംതിട്ട എസ് പിയായിരിക്കെ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് അടച്ചിട്ട ക്വാറി തുറക്കാന്‍ രാഹുല്‍ ആര്‍ നായര്‍ ഇരുപത് ലക്ഷം രൂപ കോഴ ചോദിച്ചെന്ന ക്വാറി ഉടമയുടെ പരാതി പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.