Palakkad
നാടിന് തേങ്ങലായി അമ്മയുടേയും മകളുടേയും ദാരുണാന്ത്യം
വടക്കഞ്ചേരി: നാടിന് തേങ്ങലായി അമ്മയുടേയും മകളുടേയും ദാരുണാന്ത്യം. മംഗലംഡാം ഒടുകൂര്‍ കവറ കുളമ്പില്‍ കുളത്തില്‍ മുങ്ങി മരിച്ച കലാവതിയുടെയും മകള്‍ ശ്രുതി മോളുടേയും ദാരുണ മരണം മലയോര ഗ്രാമീണ മേഖലയെ കണ്ണീരിലാഴ്ത്തി.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഇവരുടേയും മരണം നാട്ടുകാര്‍ അറിയുന്നത്. കുളത്തില്‍ വസ്ത്രങ്ങള്‍ അലക്കി കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു വസത്രം ഒഴുക്കില്‍ പോയത് എടുക്കാന്‍ ശ്രമിച്ചതാണ് ഇരുവരേയും മരണത്തിലേക്ക് എത്തിച്ചത്. സ്‌കൂള്‍ അവധിയായതിനാല്‍ കലാവതിയും മക്കളായ ശ്രുതിമോളും രുദ്രയും ചേര്‍ന്ന് വീടിന് സമീപത്തെ കുളത്തില്‍ വസ്ത്രങ്ങള്‍ അലക്കാന്‍ പോകുകയായിരുന്നു. അമ്മയുടേയും ചേച്ചിയുടേയും ദാരുണമരണം നേരില്‍ കണ്ടതിന്റെ അമ്പരപ്പില്‍ നിന്നും മുക്തിനേടാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണിപ്പോഴും രുദ്ര. മരണവിവരം അറിഞ്ഞത് തൊട്ട് മലയോര ഗ്രാമീണ മേഖലയിലെ നാട്ടുകാരും ശ്രുതിയുടെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് കലാവതിയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. തൃശൂര്‍ കൊഴിഞ്ഞമ്പാറ റൂട്ടിലോടുന്ന സ്വകാര്യബസ് കണ്ടക്ടറായ കലാവതിയുടെ ഭര്‍ത്താവ് സുരേഷ്‌കുമാറിന്റെ സുഹൃത്തുക്കളും രാഷ്ട്രീയ, സംസ്‌കാരിക സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.




