കോട്ടക്കല്‍ നഗരസഭയില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയും ലീഗില്‍ കലഹം

Posted on: November 16, 2014 10:50 am | Last updated: November 16, 2014 at 10:50 am

കോട്ടക്കല്‍: നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി മുസ്‌ലിം ലീഗില്‍ വീണ്ടും കലഹം. ഗ്രൂപ്പ്‌പോര് മൂത്തതോടെ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കെ കെ നാസര്‍ രാജി വെച്ച ഒഴിവിലേക്ക് പകരം ആളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നം.
പ്രശ്‌നം രൂക്ഷമായതോടെ ലീഗ് നാളെ പ്രധാന ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. മുന്‍ ചെയര്‍പേഴ്‌സനും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ ബുശ്‌റ ശബീറിനെയാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ലീഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നിലവിലെ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അംഗങ്ങളെ തഴഞ്ഞ് വികസന കമ്മിറ്റി അംഗമായ ബുശ്‌റ ശബീറിനെ തിരഞ്ഞെടുക്കുന്നതിനെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പി ടി അബ്ദു, കെ എം ശരീഫ്, കെ പി ഗോപിനാഥന്‍, കല്ലന്‍കുന്നന്‍ സമീറ എന്നിവരാണ് നിലവില്‍ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍. ഇതില്‍ പി ടി അബ്ദുവും കല്ലന്‍ കുന്നന്‍ സമീറയും ലീഗ് അംഗങ്ങളാണ്. ഇവരില്‍ ആരെങ്കിലും ഒരാളെ തിരഞ്ഞെടുക്കുന്നതിന് പകരമാണ് ബുശ്‌റ ശബീറിനെ പരിഗണിച്ചിരിക്കുന്നത്. നിലവിലെ മരാമത്ത് കമ്മിറ്റിയില്‍ നിന്നും സമീറയെ മാറ്റി ബുശ്‌റയെ അംഗമാക്കിയാണ് തിരഞ്ഞെടുപ്പിന് ലീഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതാണ കൗണ്‍സിലര്‍മാരെയും അണികളെയും അതൃപ്തരാക്കിയത്. വൈസ് ചെയര്‍മാന്‍ പക്ഷത്താണ് ബുശ്‌റ ശബീര്‍. കെ കെ നാസര്‍ പക്ഷമാണ് ഇതിനെതിരെ രംഗത്തുള്ളത്.
ആമപ്പാറ, മദ്‌റസപടി ഭാഗത്തെ ലീഗ് അംഗങ്ങളും ഒരുവിഭാഗം കൗണ്‍സിലര്‍മാരുമാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ അതൃപ്തി അറിയിച്ചിരിക്കുന്നത്. അംഗങ്ങളുടെ വികാരം മാനിക്കാതെ നേതൃത്വത്തിലുള്ള ചിലര്‍ ഗ്രൂപ്പ് കളിക്കുകയാണെന്നാണ് ആരോപണം. ലീഗ് ഭരിക്കുന്ന നഗരസഭയില്‍ കാലങ്ങളായി ഗ്രൂപ്പ് പോര് നിലനില്‍ക്കുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ നേരത്തെ വൈസ് ചെയര്‍മാന്‍ പി മൂസകുട്ടി ഹാജി രാജി ഭീഷണി മുഴക്കിയിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ട് ചില മാറ്റിത്തിരുത്തലുകള്‍ വരുത്തിയാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടത്.
പിന്നേയും പുകഞ്ഞ് കൊണ്ടിരുന്ന ഗ്രൂപ്പിസം മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ കെ നാസറിന്റെ രാജിയില്‍ കലാശിക്കുകയായിരുന്നു. ഇതൊടെ കെട്ടടങ്ങി എന്നനുമാനിച്ച പ്രശ്‌നങ്ങളാണ് ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പിലൂടെ ലീഗിനെ പിന്നേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.