Connect with us

National

പരപ്പന ജയിലിലെ വേശ്യാവൃത്തി: ദേശീയ വനിതാ കമ്മീഷന്റെ നിലപാട് വിവാദമായി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക ജയിലില്‍ വനിതാ തടവുകാരെ നിര്‍ബന്ധിത ലൈംഗികബന്ധത്തിന് വിധേയരാക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ആഴ്ചാവസാനമായതിനാല്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം വിസമ്മതിച്ചു. താന്‍ വിചാരിച്ചാലും ശനിയാഴ്ചയും ഞായറാഴ്ചയും തന്റെ ഓഫീസ് പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ചയേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂ. സംഭവത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു.
നിരുത്തരവാദ മനോഭാവം എന്നാണ് ഇതിനോട് ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തക സബ ഫാറൂഖി പ്രതികരിച്ചത്. സ്ത്രീകളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് ദേശീയ വനിതാ കമ്മീഷന്‍ സംവിധാനിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് അത്യധികം കഠോരമാണെന്ന് പ്രമുഖ അഭിഭാഷക പ്രമീള നെസ്‌റാഗി പറഞ്ഞു. കമ്മീഷന്‍ 24 മണിക്കൂറും ജാഗരൂകമായിരിക്കണം. അല്ലാത്ത പക്ഷം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ലെന്നും അവര്‍ പറഞ്ഞു. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ജയിലില്‍ സ്ത്രീകളെ പാര്‍പ്പിക്കുന്ന ഇടം തീര്‍ത്തും മോശം സ്ഥലത്താണെന്നും സ്ത്രീ അവകാശ പ്രവര്‍ത്തക കവിത ശ്രീവാസ്തവ പറഞ്ഞു. ഇതില്‍ വനിതാ കമ്മീഷനും നിഷ്‌ക്രിയമായാല്‍, ജയിലിനുള്ളിലെ സംഭവങ്ങളില്‍ ആര്‍ക്കാണ് ഉത്തരവാദിത്വമുണ്ടാകുക? – അവര്‍ ചോദിച്ചു.
ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ വനിതാ തടവുകാരെ പുരുഷ തടവുകാര്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരകളാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പിന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ് അറിയിച്ചിരുന്നു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ വാര്‍ഡന്‍മാര്‍ പുരുഷ തടവുകാരില്‍ നിന്ന് 300 രൂപയും 500 രൂപയും ഈടാക്കി, വനിതാ തടവുകാരെ നിര്‍ബന്ധപൂര്‍വം കാഴ്ച വെക്കുന്നുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഇതു കാണിച്ച് വനിതാ തടവുകാര്‍ ഒരു ജഡ്ജിക്ക് രണ്ട് കത്തുകള്‍ എഴുതുകയും ജഡ്ജി ഇവ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എച്ച് വഗേലക്ക് നല്‍കുകയും ചെയ്തിരുന്നു. വനിതാ തടവുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞാല്‍ പരോളിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് ജയില്‍ വാര്‍ഡര്‍മാര്‍ വനിതാ പുള്ളികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വാര്‍ഡര്‍മാരുടെ പേരുകളും കത്തില്‍ പറയുന്നുണ്ട്.
വനിതാ വാര്‍ഡര്‍മാര്‍ നിരന്തരം നിരീക്ഷിക്കുന്നതിനാല്‍ പുരുഷ തടവുകാരും വനിതാ തടവുകാരും കൂടിച്ചേരാന്‍ സാധ്യതയില്ലെന്ന് ജയില്‍ ഡി ഐ ജി. വി എസ് രാജു പറഞ്ഞു. തടവുകാരെ ഒറ്റക്ക് കാണാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും സാധിക്കില്ല. ജഡ്ജിക്ക് കത്തുകള്‍ ലഭിച്ചുവെന്നത് മാധ്യമ റിപ്പോര്‍ട്ടിലൂടെയാണ് അറിഞ്ഞത്. അത്തരമൊരു കത്ത് കിട്ടിയിട്ടില്ല. കിട്ടിയാലുടനെ സത്യം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest