Connect with us

Articles

റോഹിംഗ്യ മുസ്‌ലിംകള്‍: താക്കീതുകള്‍ ഫലിക്കുമോ?

Published

|

Last Updated

മ്യാന്‍മര്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്താകെയുള്ള വംശീയ വിവേചന വിഷം മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച രാഖൈന പ്രവിശ്യ സ്ഥിതി ചെയ്യുന്ന രാഷ്ട്രമെന്ന നിലയില്‍ തന്നെയാണ് മ്യാന്‍മര്‍ ഇന്ന് വാര്‍ത്താ പ്രാതിനിധ്യം നേടുന്നത്. അത്രയും ആശ്വാസം. വശം ചെരിഞ്ഞ മാധ്യമ പരിലാളനയുടെ കാലത്ത് ഇത്രയെങ്കിലും ശ്രദ്ധ നിസ്വരായ മനുഷ്യര്‍ക്ക് ലഭ്യമാകുന്നുവെന്നത് ചില്ലറ കാര്യമല്ല. ഇന്നിപ്പോള്‍ മാധ്യമങ്ങളുടെ തൃക്കണ്ണ് ഇവിടേക്ക് പതിയുന്നുണ്ടെങ്കില്‍ അതിന് കാരണം കൊന്നു തള്ളപ്പെട്ട ആയിരക്കണക്കിന് മനുഷ്യരാണ്. തന്റെ വിശ്വാസ സംഹിത മുറുകെ പിടിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ നിശ്ശബ്ദമായി സഹിച്ചും സഹിക്കവയ്യാത്തപ്പോള്‍ അപകടകരമായ പലായനത്തിന് മുതിര്‍ന്നും അങ്ങേയറ്റത്തെ ഒഴിഞ്ഞു മാറല്‍ കാഴ്ച വെച്ചവരാണ് പടിഞ്ഞാറന്‍ മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകള്‍. പതിറ്റാണ്ടുകളായി അവിടെ തുടരുന്ന ആട്ടിയോടിക്കലുകള്‍ ആരുടെയും ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെ തന്നെ മറ്റിടങ്ങളിലെയും വര്‍ണ വിവേചനത്തെക്കുറിച്ചും വംശഹത്യകളെക്കുറിച്ചും വാചാലമായപ്പോഴും ആഗോള പൊതു ബോധം ഈ മനുഷ്യരെ കാഴ്ചപ്പുറത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഒരു അന്താരാഷ്ട്ര വേദിയിലും ഇവരുടെ വേദന ചര്‍ച്ചയായില്ല. അമേരിക്കയടക്കമുള്ളവര്‍ മ്യാന്‍മറിന് മേല്‍ ഉപരോധം അടിച്ചേല്‍പ്പിച്ചത് അവിടെ ജനാധിപത്യമില്ലാത്തതിനാല്‍ മാത്രമായിരുന്നു. പട്ടാളം ഭരണം കൈയാളിയ മ്യാന്‍മറിനെ ശിക്ഷിക്കുമ്പോള്‍ മുന്നോട്ട് വെച്ച “കുറ്റപത്ര”ത്തില്‍ യു എസും യൂറോപ്യന്‍ യൂനിയനുമൊന്നും യഥാര്‍ഥ കുറ്റത്തെക്കുറിച്ച് മിണ്ടിയില്ല. മനുഷ്യാവകാശത്തിന് അവര്‍ നല്‍കുന്ന നിര്‍വചനം തന്നെയായിരുന്നു പ്രശ്‌നം. അനുഭവിക്കുന്നത് മുസ്‌ലിംകളാണെങ്കില്‍, കമ്യൂണിസ്റ്റുകളാണെങ്കില്‍, ദളിതുകളാണെങ്കില്‍ കുറച്ചനുഭവിക്കട്ടേ എന്നതാണല്ലോ സാമ്രാജ്യത്വ സമീപനം. എന്തിനധികം, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സിദ്ധിച്ച മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ആംഗ് സാന്‍ സൂക്കിക്ക് പോലും റോഹിംഗ്യ എന്ന വാക്ക് ഉച്ചരിക്കാന്‍ മടിയായിരുന്നു.
ആസിയാന്‍, കിഴക്കനേഷ്യന്‍ ഉച്ചകോടികളോടനുബന്ധിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ലോകനേതാക്കളുടെ നിര തന്നെ മ്യാന്‍മറിലെത്തി പോയ വാരം. തലസ്ഥാനമായ നായ്പിഡോയിലും പ്രധാന നഗരമായ യാംഗൂണിലും പ്രമുഖരുമായി അവര്‍ ചര്‍ച്ച നടത്തി. പ്രസിഡന്റ് തീന്‍ സീനെയും പ്രതിപക്ഷ നേതാവ് ആംഗ് സാന്‍ സൂക്കിയെയും കണ്ടു. ഇത്തവണ നേതാക്കളെല്ലാം റോഹിംഗ്യകളെക്കുറിച്ച് സംസാരിച്ചുവെന്നതാണ് പ്രത്യേകത. റോഹിംഗ്യ മുസ്‌ലിംകളുടെ നില പരിതാപകരമാണെന്നും അവര്‍ക്ക് സഹായമെത്തിക്കാന്‍ യു എന്‍ ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. റോഹിംഗ്യകളോടുള്ള വിവേചനം തുടരുന്നിടത്തോളം കാലം മ്യാന്‍മറില്‍ നടക്കുന്നുവെന്ന് പറയുന്ന മാറ്റത്തിന് ശോഭയുണ്ടാകില്ലെന്ന് ഒബാമയും പ്രഖ്യാപിച്ചു. പക്ഷേ, സൂക്കിയുമായുള്ള ചര്‍ച്ചക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ രാഖൈന്‍ പ്രവിശ്യയിലെ ബുദ്ധ തീവ്രവാദത്തെ കുറിച്ച് നേരിട്ട് പരാമര്‍ശമൊന്നുമില്ലായിരുന്നു.
റോഹിംഗ്യകളെക്കുറിച്ച് പുറത്ത് നിന്ന് വരുന്നവര്‍ പറയുന്നത് മ്യാന്‍മര്‍ ഭരണകൂടത്തിന് സഹിക്കാനാകുന്നില്ല. ജനാധിപത്യത്തിലേക്ക് ചുവടുവെച്ച് ലക്ഷണമൊത്ത ആധുനിക രാഷ്ട്രമാകാന്‍ കുളിച്ച് കുപ്പായം മാറ്റിയിരിക്കുന്ന മ്യാന്‍മറിന് റോഹിംഗ്യ എന്ന പദം ചതുര്‍ഥിയാണ്. ബുദ്ധ ഭൂരിപക്ഷ രാഷ്ട്രത്തില്‍ ഒരു ജനത ഉന്‍മൂലനത്തിന് വിധേയമാകുന്നുവെന്ന് ലോകം വിളിച്ച് പറയുമ്പോള്‍ ജാള്യം സഹിക്കാനാകുന്നില്ല അവര്‍ക്ക്. അതുകൊണ്ട് റോഹിംഗ്യകളുടെ സത്യം നിരന്തരം ആവര്‍ത്തിക്കുകയെന്നതാണ് ഈ കാലഘട്ടത്തില്‍ ചെയ്യാവുന്ന യഥാര്‍ഥ പോരാട്ടം. വിവര വിസ്‌ഫോടനത്തിന്റെ കാലത്ത് യഥാര്‍ഥ വിവരങ്ങള്‍ പ്രസരിപ്പിക്കുകയെന്നതിനേക്കാള്‍ വലിയ പ്രതിരോധമില്ല.
ബംഗ്ലാദേശില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാരാണ് റോഹിംഗ്യ മുസ്‌ലിംകള്‍ ഒന്നടങ്കമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടം. ലോക നേതാക്കള്‍ മൗനം വെടിയുമ്പോഴും മ്യാന്‍മര്‍ പ്രസിഡന്റ് തീന്‍ സീനും മറ്റ് അധികൃതരും മൗനത്തിന്റെ ഉരുക്കു കോട്ടയില്‍ തന്നെയാണ്. ബുദ്ധ തീവ്രവാദികളുടെ മതദ്വേഷത്തിന് മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് അവര്‍. അഷിന്‍ വിരാതുവിനെപ്പോലുള്ള കൊലയാളി ഭിക്ഷുക്കളാണ് ഇവിടെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. മുസ്‌ലിംകളെ കൊന്നൊടുക്കുന്നത് പുണ്യ കര്‍മമാണെന്ന് പ്രഖ്യാപിച്ചയാളാണ് ഈ വിരാതു. “ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെറര്‍” എന്നാണ് ടൈം മാഗസിന്‍ വിരാതുവിനെ വിശേഷിപ്പിച്ചത്. ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ഇവിടെ ആട്ടിയോടിക്കലുകള്‍ നടക്കുന്നു. മനുഷ്യരെ ചുട്ടു കൊല്ലുന്നു. വീടുകള്‍ തകര്‍ക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഇതൊക്കെയായിട്ടും പിടിച്ച് നില്‍ക്കുന്നവരെ ജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നു. കടുത്ത ജോലികള്‍ മാത്രമേ റോഹിംഗ്യകള്‍ക്ക് നല്‍കുകയുള്ളൂ. അതിന് തന്നെ കൂലി കുറവും.
രാജ്യത്തിന്റെ ഒരു ഭാഗം വിവേചനത്തിന്റെയും വംശ ശുദ്ധീകരണത്തിന്റെയും ഇരുട്ടില്‍ നില്‍ക്കുമ്പോഴാണ് മ്യാന്‍മര്‍ മാറുന്നുവെന്ന മുദ്രാവാക്യം മുഴങ്ങുന്നത്. അമേരിക്കയും ഇ യുവും അവിടെ സ്ഥാനപതി കാര്യാലയം തുടങ്ങിയിരിക്കുന്നു. ഒബാമ രണ്ട് പ്രാവശ്യമാണ് മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. ഉപരോധം മിക്കവാറും ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. യു എന്നിന്റെ സാമ്പത്തിക സൈനിക സഹായം ഇവിടേക്ക് ഒഴുകുന്നുണ്ട്. അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂക്കിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സ്ഥാനാര്‍ഥിയുടെ മകനോ ഭര്‍ത്താവോ അടുത്ത ബന്ധുവോ വിദേശ പൗരത്വമുള്ളയാളാണെങ്കില്‍ മത്സരിക്കാനാകില്ലെന്നാണ് ചട്ടം. സൂക്കിയുടെ ഭര്‍ത്താവിന് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നു. രണ്ട് ആണ്‍ മക്കളും ബ്രിട്ടീഷ് പൗരന്‍മാരാണ്. ഈ കുരുക്ക് അഴിച്ചെടുക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സൂക്കിയുടെ പാര്‍ട്ടി. ഈ പരിശ്രമത്തിനിടക്ക് റോഹിംഗ്യകളുടെ കാര്യത്തില്‍ ഇടപെടാനൊന്നും അവര്‍ക്ക് നേരമില്ല. അല്ലെങ്കില്‍ വോട്ടവകാശമില്ലാത്തവന്റെ മനുഷ്യാവകാശത്തിന് എന്ത് വില?
അപ്പോള്‍ ഒബാമയും മൂണുമൊക്കെ താക്കീത് നല്‍കിയതോ? അവ എത്രമാത്രം ആത്മാര്‍ഥമാണ്? എത്രമാത്രം ഫലദായകമാണ്? ഈ പുറം ലോകം, അന്താരാഷ്ട്ര സമൂഹം എന്നെല്ലാം വ്യവഹരിക്കുന്നത് പാശ്ചാത്യ, വന്‍കിട രാഷ്ട്രങ്ങളെയാണല്ലോ. അവര്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അതില്‍ പ്രധാനം വിപണിയിലെ സുസ്ഥിരതയാണ്. രാഷ്ട്രീയ മാറ്റം എന്ന് അവര്‍ വിളിക്കുന്നത് വിപണിയില്‍ അലോസരമുണ്ടാക്കാത്ത ഭരണ സംവിധാനമാണ്. നിയന്ത്രണങ്ങളില്ലാത്ത വിപണി സാധ്യമാക്കുന്ന ആരെയും അവര്‍ ജനാധിപത്യ മാതൃകകളായി പ്രഖ്യാപിക്കും. മ്യാന്‍മറില്‍ സംഭവിച്ചത് അതാണ്. ഇന്ത്യ, ചൈന തുടങ്ങിയ അയല്‍ക്കാര്‍ മ്യാന്‍മറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരിക്കുകയാണ്. വൈരക്കല്ലുകളുടെ വന്‍ ശേഖരം ഉള്ള മ്യാന്‍മറില്‍ പാശ്ചാത്യ രാജ്യങ്ങളും വമ്പന്‍ മുതല്‍ മുടക്കിന് തയ്യാറെടുക്കുകയാണ്. പ്രകൃതി വാതക സമ്പത്തും ഉണ്ട്. പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ന് ഇത് മുഴുവന്‍. ജനാധിപത്യം വന്നാല്‍ ഈ മേഖലയിലേക്ക് തുറവിയാകുമെന്ന് പാശ്ചാത്യ ബിസിനസ്സ് സമൂഹം കരുതുന്നു. ഈ സാഹചര്യത്തില്‍ മ്യാന്‍മര്‍ ശാന്തമാകേണ്ടത് അവരുടെ ആവശ്യമാണ്. “ഇതാ മ്യാന്‍മര്‍ മാറിയിരിക്കുന്നു” എന്ന് വിളിച്ചു പറയാനുള്ള ഉപാധിമാത്രമാണ് ഭരണകൂടത്തിന് ആംഗ് സാന്‍ സൂക്കി. ഈ ദൗത്യവുമായാണ് അവര്‍ ഈയിടെ ലോക സഞ്ചാരത്തിനിറങ്ങിയത്.
ഇന്ന് ഒബാമക്കൊപ്പം അവര്‍ ചിരിച്ച് നില്‍ക്കുമ്പോള്‍ തന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതി അവര്‍ വേദനിക്കുന്നുവെങ്കില്‍ അതായിരിക്കും പുറത്ത് നിന്ന് വന്നവരുടെ വമ്പന്‍ താക്കീതുകളേക്കാളും പ്രഖ്യാപനങ്ങളേക്കാളും അര്‍ഥവത്താകുക. കാരണം മ്യാന്‍മറില്‍ സൂക്കിക്ക് സിംഹാസനങ്ങള്‍ തയ്യാറായിരിക്കുന്നു. അതില്‍ ഇരിക്കുമ്പോള്‍ അവര്‍ വെറും ഭരണാധികാരിയായി അധഃപതിക്കുമോ? അതോ തുല്യ നീതിയുടെ പോരാളിയാകുമോ?

Latest