മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ആശങ്ക

Posted on: November 16, 2014 5:40 am | Last updated: November 15, 2014 at 10:05 pm

‘ആരാന്റെ അമ്മക്ക് ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേല്’ എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. തന്റെ സ്വന്തമല്ലാത്ത എന്തിനും ഏതിനും എന്ത് സംഭവിച്ചാലും അത് ആഘോഷമാക്കുകയെന്ന മാനസികാവസ്ഥ ചൂണ്ടിക്കാട്ടുന്നതാണ് ഈ ചൊല്ല്. 1886 പണിത മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടുന്നത് അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് വസ്തുതകള്‍ നിരത്തി കേരളം വാദിക്കുമ്പോള്‍, അതിനൊന്നും തെല്ലും ചെവികൊടുക്കാത്ത തമിഴ്‌നാട് സര്‍ക്കാര്‍ ജലവിധാനം 142 അടിയായി ഉയരട്ടെ എന്നിട്ടാലോചിക്കാമെന്ന നിലപാടിലാണ്. ജലനിരപ്പ് 140 അടിയായാല്‍ ഷട്ടറുകള്‍ തുറക്കാമെന്ന് സമ്മതിച്ചിരുന്ന തമിഴ്‌നാട,് ഇപ്പോള്‍ ജലനിരപ്പ് 140 അടി കവിഞ്ഞപ്പോള്‍(35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത്) നിലപാട് മാറ്റുകയായിരുന്നു. ‘തമിഴ് നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന ഉദാരമായ നിലപാടെടുത്ത കേരളത്തോട് തികച്ചും ധിക്കാരപരമായ, പ്രകോപനപരമായ സമീപനമാണ് തമിഴ്‌നാട് കൈക്കൊള്ളുന്നതെന്ന് പറയാതെ വയ്യ.
അണക്കെട്ടിലെ ജലനിരപ്പ് 140.8 അടിയായി ഉയര്‍ന്നതും, വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതും ചൂണ്ടിക്കാട്ടി മേല്‍നോട്ട സമിതി ഉടനെ ചേരണമെന്ന് കഴിഞ്ഞ ദിവസം കേരളം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സമിതി നിരാകരിച്ചത് സദുദ്ദേശത്താലല്ലെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇടുക്കി മുതല്‍ എറണാകുളംവരെയുള്ള ജനലക്ഷങ്ങളുടെ ജീവനും സ്വത്ത് വകകള്‍ക്കും കനത്ത നാശം സംഭവിക്കാവുന്ന അവസ്ഥ സംജാതമാക്കുന്നതാണ് തമിഴ്‌നാടിന്റേയും മേല്‍നോട്ട സമിതിയുടേയും നിലപാടുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ല. ജലനിരപ്പ് 136 അടിയില്‍ കൂടുതലായാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നതാണ് കേരളത്തിന്റെ നിലപാട്. ജനലക്ഷങ്ങളുടെ ജീവനും സ്വത്ത്‌വഹകളും പണയപ്പെടുത്തി ഒരു പരീക്ഷണത്തിന് കേരളം തയ്യാറല്ലെന്നത് ജനതയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയാണ്. എങ്കില്‍ പിന്നെ അത് കാണട്ടെ എന്ന നിലപാടാണ് തമിഴ്‌നാട് പുലര്‍ത്തുന്നത്. ജലനിരപ്പ് 142 അടിയായി ഉയര്‍ന്നാലും അണക്കെട്ട് സുരക്ഷിതമാണെന്നും, ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തങ്ങളുടെ നിലപാട് അംഗീകരിപ്പിച്ചെടുക്കാനുമാണ് തമിഴ്‌നാടിന്റെ ശ്രമം. ഈ ഒരു പരീക്ഷണത്തിന് കേരളം തയ്യാറല്ല. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗം കൈക്കൊണ്ട നിലപാടുകള്‍ അതാണ് വ്യക്തമാക്കുന്നത്. ഏത് അടിയന്തര സാഹചര്യമുണ്ടായാലും അത് നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ജില്ലാഭരണകൂടം നടത്തിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയും സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.
അണക്കെട്ടില്‍ ജലനിരപ്പ് ആശങ്കാജനകമാംവിധം ഉയര്‍ന്നുതുടങ്ങിയപ്പോള്‍ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍, എല്‍ എ വി നാഥന്‍ ചെയര്‍മാനായ ഉന്നതതല സമിതി അത് നിരാകരിച്ചു. സ്വീപ്പേജ് ജലത്തിന്റെ അളവ് ഉള്‍പ്പെടെ അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളത്തിന് നല്‍കുന്നതില്‍ നിന്നും ഉപ സമിതിയെ തമിഴ്‌നാട് വിലക്കിയെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച അണക്കെട്ടില്‍ പരിശോധനക്കെത്തിയ കേരള ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ലതികയേയും സംഘത്തേയും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒടുവില്‍ കേരളസംഘം അണക്കെട്ടിന്റെ ഗ്യാലറിക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയപ്പോഴാണ്, ചെന്നൈയില്‍നിന്നും മേലാളന്മാരുടെ അനുമതിവാങ്ങി കേരള സംഘത്തെ ഡാമിന്റെ ഗ്യാലറിയില്‍ കടന്ന് പരിശോധിക്കാന്‍ അനുവദിച്ചത്.
അണക്കെട്ടിന്റെ പുറംചുമരുകളിലൂടെയുള്ള ചോര്‍ച്ചയുടേയും അണക്കെട്ടിനുള്ളില്‍ നിന്നുള്ള ചോര്‍ച്ചയുടേയും അളവ് കൂടിയതായി സംഘം കണ്ടെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിനോട് ചേര്‍ന്നുള്ള ബേബി ഡാമിലും ചോര്‍ച്ചയുണ്ട്. മുല്ലപ്പെരിയാര്‍, വൈഗ അണക്കെട്ടുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്താല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകും. വൈഗയില്‍ 3 ടി എം സി അടി ജലം സംഭരിക്കാനാകും. ടണല്‍ വഴി വെള്ളം വൈഗയിലേക്കൊഴുക്കിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് കുറച്ചുകൊണ്ടുവരാനാകും. ഇതെല്ലാം തമിഴ്‌നാട്ടിലെ വിദഗ്ധര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അതിലവര്‍ക്ക് വലിയ താത്പര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടി കടക്കുകയോ, ദിവസം രണ്ട് അടി വീതം ജലനിരപ്പ് ഉയരുകയോ ചെയ്താല്‍ സ്പില്‍വെ ഷട്ടറുകള്‍ തുറക്കണമെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനത്തിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തുന്നത്. അയല്‍ സംസ്ഥാനത്തിന്റെ ഈ നിലപാട് കാരണം കേരളമാകട്ടെ എപ്പോഴും സംഭവിച്ചേക്കാവുന്ന ഒരു വന്‍ ദുരന്തത്തിന്റെ നിഴലിലാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്രവും സുപ്രീംകോടതിയും സത്വരം ഇടപെടേണ്ടതുണ്ട്.