മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന് കേരളം

Posted on: November 15, 2014 11:41 pm | Last updated: November 15, 2014 at 11:41 pm

mullapperiyarതിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി ഇടുക്കി എ ഡി എം തേനി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.
തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അലര്‍ട്ട് ലൈറ്റുകളും അലാമുകളും സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഗ്രാമീണ റോഡുകളില്‍ 1,500 വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെടുന്ന വൈദ്യസംഘത്തിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍ സി സി, എന്‍ എസ് എസ് കേഡറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ കൊച്ചിയില്‍ നിന്ന് ദുരന്തനിവാരണ സേനയെയും സ്ഥലത്തെത്തിക്കും. പീരുമേട് താലൂക്കിലെയും കീഴിലുള്ള വില്ലേജുകളിലെയും ജീവനക്കാര്‍ അവധിയെടുക്കരുതെന്നും എ ഡി എം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.