ജി സി സിയില്‍ പ്രമേഹം അതിവേഗം വര്‍ധിക്കുന്നു

Posted on: November 15, 2014 6:02 pm | Last updated: November 15, 2014 at 6:21 pm

diabetesദുബൈ: ജി സി സി മേഖലയില്‍ പ്രമേഹം അതിവേഗം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2035 ആവുമ്പോഴേക്കും ജി സി സി രാജ്യങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ വര്‍ധനവ് സംഭവിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
തെറ്റായ ആഹാര രീതികളും വ്യായാമമില്ലാത്ത ജീവിത സാഹചര്യങ്ങളുമാണ് പ്രമേഹം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. വരും കാലങ്ങളില്‍ പ്രമേഹം ഏറ്റവും മാരകമായ രീതിയില്‍ ബാധിക്കുന്ന മേഖലകളില്‍ മുഖ്യ സ്ഥാനം ജി സി സിക്കായിരിക്കുമെന്ന് ഇന്റര്‍നാഷനല്‍ ഡയബറ്റ്‌സ് ഫൗണ്ടേഷന്‍(ഐ ഡി എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ഗള്‍ഫ് മേഖല ഉള്‍പെട്ട മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ 10 ല്‍ ഒരാള്‍ വീതം പ്രമേഹരോഗികളാണ്. ഇന്ന് 3.68 കോടി ആളുകളാണ് മേഖലയില്‍ ഈ മാരക രോഗത്തിന് ഇരകളായിരിക്കുന്നത്. ഇത് 6.79 കോടിയായി 2035ല്‍ ഉയര്‍ന്നേക്കും.
മിന മേഖലയിലെ 20 രാജ്യങ്ങളെയാണ് പ്രമേഹം സാരമായി ബാധിക്കുക. അതില്‍ ജി സി സി രാജ്യങ്ങളും ഉള്‍പെടും. ഈ മേഖലയിലെ പല രാജ്യങ്ങളിലും പ്രമേഹവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സഊദി അറേബ്യയിലാണ് ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ പ്രമേഹം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. സഊദിയില്‍ ജീവിക്കുന്നവരില്‍ 24 ശതമാനവും ഈ രോഗത്തിന്റെ പിടിയിലാണ്. രണ്ടാം സ്ഥാനത്തുള്ള കുവൈത്തില്‍ 23.1 ശതമാനമാണ് പ്രമേഹ രോഗികള്‍. ബഹ്‌റൈന്‍21.9, ഖത്തര്‍ 19.8, യു എ ഇ 19 ശതമാനം എന്നിങ്ങനെയാണ് പ്രമേഹ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൂടുതല്‍ നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും ദുബൈയില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ ദുബൈ ഹോസ്പിറ്റലിലെ എന്‍ഡോക്രിനോളജി ഹെഡ് ഡോ. ഫാത്തിയ അല്‍ അവാദി വ്യക്തമാക്കി. ഡി എച്ച് എയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ മാതൃകാ ചട്ടം നടപ്പാക്കിയതും ഇതിന്റെ ഭാഗമാണ്. വില്‍പനക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ പഞ്ചസാരയുടെ അളവ് തീരെ ഇല്ലാത്തത്, കുറവുള്ളത് എന്നിങ്ങനെയുള്ള ലാബെലിംഗ് സമ്പ്രദായം നടപ്പാക്കാന്‍ ഡി എച്ച് ആലോചിക്കുന്നുണ്ട്. ഇത് പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉള്ളവ തിരിച്ചറിയാനും ഇത്തരം ഉല്‍പന്നങ്ങള്‍ പരമാവധി ഒഴിവാക്കാനും ആളുകള്‍ക്ക് സഹായകമാവുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ പണം മാത്രം പോരായെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും മിന മേഖലക്കായുള്ള ഐ ഡി എഫ് റീജിണല്‍ ചെയര്‍ പ്രൊഫ. ആദില്‍ അല്‍ സയ്ദ് അഭിപ്രായപ്പെട്ടു. വളരെ ലഘുവായ കാര്യങ്ങള്‍ ചെയ്താല്‍ തന്നെ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍സാധിക്കും. അതില്‍ പ്രധാനം ആരോഗ്യം ഉറപ്പാക്കുന്നതും രോഗത്തിലേക്ക് നയിക്കാത്തതുമായ ഭക്ഷണമാണ്. ഇത് പണച്ചെലവുള്ള കാര്യമല്ല. വ്യായാമത്തിനുള്ള സന്നദ്ധതയാണ് വ്യക്തികള്‍ക്ക് ഉണ്ടാവേണ്ടതെന്നും പണം ആവശ്യമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നടക്കുകയോ പടികള്‍ കയറുകയോ ചെയ്യാവുന്നതാണ് ഇത് ഏത് മേഖലയിലും ലഭ്യമാവുന്ന കാര്യമാണ്, എല്ലാവര്‍ക്കും ആയാസരഹിതമായി ചെയ്യാനും സാധിക്കുമെന്നും ആദില്‍ പറഞ്ഞു.
വേഗം കൂടിയ ജീവിത സാഹചര്യങ്ങളും കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റുകള്‍ ഉള്‍പെടയെുള്ള ആധുനിക ഇലട്രോണിക്‌സ് ഉപകരണങ്ങളുമെല്ലാം മനുഷ്യരെ കായികമായ വിനോദങ്ങളില്‍ നിന്നും അകറ്റുന്നതാണ് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇന്നലെ രാജ്യാന്തര പ്രമേഹ ദിനമായി ആചരിച്ചതിന്റെ ഭാഗമായാണ് ഐ ഡി എഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ ആരോഗ്യം ഉറപ്പാക്കുന്ന ജീവിത രീതിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.