43-ാം ദേശീയ ദിനത്തില്‍ 43 പേരെ ആദരിക്കും

Posted on: November 15, 2014 5:58 pm | Last updated: November 15, 2014 at 5:58 pm

flagദുബൈ: 43-ാം യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 43 സ്വദേശികളെ ആദരിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂംഅറിയിച്ചു. ട്വിറ്ററിലൂടെയാണ് അറിയിപ്പ്. ദേശം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇവരെ നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് ശൈഖ് മുഹമ്മദ് അഭ്യര്‍ഥിച്ചു. ട്വിറ്ററിലെ ശൈഖ് മുഹമ്മദിന്റെ അഭ്യര്‍ഥന ഇങ്ങനെ: സഹോദരി സഹോദരന്‍മാരെ, 43 വ്യത്യസ്ത മണ്ഡലങ്ങളിലുള്ള മാര്‍ഗദര്‍ശികളെ തിരഞ്ഞെടുക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. യു എ ഇയിലെ ആദ്യ ഗുരു, ആദ്യ വനിതാ ഡോക്ടര്‍, ആദ്യ പൈലറ്റ് എന്നിങ്ങനെ 43 ആളുകളെയാണ് 43-ാം ദേശീയ ദിനത്തില്‍ ആദരിക്കുക. ഏറ്റവും കൂടുതല്‍ നിര്‍ദേശം ലഭ്യമാകുന്നവര്‍ക്കാണ് ഉപഹാരം നല്‍കുക. എല്ലാ മേഖലയിലും ഒന്നാം സ്ഥാനം നേടണമെന്ന് ആഗ്രഹിക്കുന്ന യു എ ഇ ഇക്കാര്യത്തില്‍ ഒരു മാതൃകയാകുകയാണ്. സാമൂഹികം, ശാസ്ത്രം, കായികം തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരെ തിരഞ്ഞെടുക്കും. സമൂഹത്തിന് മാതൃകയായി നില്‍ക്കുന്നവരെ സത്യ സന്ധതയോടെ കൂടി നിര്‍ദേശിക്കണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 33 ലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ശൈഖ് മുഹമ്മദിനുള്ളത്.
1968ല്‍ ആദ്യ പി എച്ച് ഡി നേടിയ സ്വദേശി അഹമ്മദ് ശാഫി അല്‍ മദനി ഒരു ഉദാഹരണമാണെന്ന് ട്വിറ്റര്‍ ഉപയോക്താവായ കഫ്ഫാലി അമദ് പ്രതികരിച്ചു. അഹ്മദ് ശാഫി അല്‍ മദനി കവി കൂടിയാണ്. യു എ ഇയില്‍ ആദ്യമായി കവിതാ സമാഹാരം ഇറക്കിയത് അഹമ്മദ് ശാഫിയാണ്.