മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയില്‍; ജലനിരപ്പ് 141 അടിയായി

Posted on: November 15, 2014 1:10 pm | Last updated: November 16, 2014 at 5:31 am

mullapperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജലനിരപ്പ് അടിയന്തരമായി കുയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം അപേക്ഷ നല്‍കിയത്.മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത വരുത്തണം. ഷട്ടറുകള്‍ അറ്റകുറ്റപ്പണി കഴിയുന്നതുവരെ ജലനിരപ്പ് ഉയര്‍ത്തരുതെന്നും അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വിഷയത്തില്‍ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

48 മണിക്കൂറിനുള്ളില്‍ മേല്‍നോട്ട സമിതി യോഗം ചേരണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് കത്തയയിച്ചിരുന്നു.

അതിനിടെ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്നു. വെെകീട്ടോടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. ഇന്ന് രാവിലെ 140.8 അടിയായിരുന്നു. മഴ ഇല്ലെങ്കിലും അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതാണ്  ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയോടടുക്കുമ്പോള്‍ ഭീതിയോടെയാണ് തീരദേശത്തെ ജനങ്ങള്‍ ഒരോ ദിവസവും തളളി നീക്കുന്നത്.