സ്‌കൂള്‍ കായികമേള വീണ്ടും മുടങ്ങി

Posted on: November 15, 2014 9:00 am | Last updated: November 15, 2014 at 9:29 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഇന്നലെ പുനരാരംഭിച്ച ആറാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെതുടര്‍ന്ന് വീണ്ടും നിര്‍ത്തിവെച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ എം പി എഡ്, ബി പി എഡ് കോഴ്‌സുകളില്‍ പഠനം നടത്തുന്ന നൂറോളം കായിക വിദ്യാര്‍ഥികള്‍ സ്റ്റേഡിയത്തിലെ ട്രാക്കില്‍ ഉപരോധസമരം നടത്തുകയായിരുന്നു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ 2014-15 വര്‍ഷം തസ്തിക നഷ്ടമായ ബി എഡ്, ടി ടി സി യോഗ്യതയുള്ള എല്ലാ കാറ്റഗറിയിലുമുള്ള അധ്യാപകരുടെ പുനര്‍വിന്യാസം വഴി ആര്‍ട്ട്, ഫിസിക്കല്‍ എജുക്കേഷന്‍, വര്‍ക്ക് എജുക്കേഷന്‍ ഒഴിവുകള്‍ നികത്താനാണ് ഡി പി ഐയുടെ ഉത്തരവ്. കഴിഞ്ഞ ചൊവ്വാഴ്ച്ച ആരംഭിച്ച കായികമേള വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരത്തെതുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.
എന്നാല്‍ അധ്യാപക ബേങ്കിലുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികാധ്യാപകരാക്കി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പിന്‍വലിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ അധിക അധ്യപകരുടെ പാര്‍ട്ട്‌ടൈം ഇന്‍സ്ട്രക്ടര്‍മാരായുള്ള പുനര്‍ വിന്യാസനടപടികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത്‌വരെ നിര്‍ത്തിവെക്കാന്‍ മാത്രമാണ്് വ്യാഴാഴ്ച്ച പുറത്തിറങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇത് സ്വീകാര്യമല്ലന്നും ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഇന്നലെ രണ്ട്മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കായികമേള കായികാധ്യാപകരുടെ പ്രതിഷേധത്തില്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ആരംഭിക്കാനായത.് ഏതാനും മല്‍സരങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് കായികവിദ്യാര്‍ഥികള്‍ പ്രകടനമായെത്തി ട്രാക്കില്‍ കുത്തിയിരുന്ന് മല്‍സരങ്ങള്‍ തടസപ്പെടുത്തിയത്.
ഇന്നലെ ഫൈനലുകള്‍ ഒന്നും നടത്താനായില്ല. മലപ്പുറം ഡി ഡി ഇ. ടി കെ ജയന്തിയെത്തി സമരരംഗത്തുള്ള വിദ്യാര്‍ഥികളുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനാല്‍ മേള ഇനി ഒരറിയിപ്പുണ്ടാകുന്നത്‌വരെ നിര്‍ത്തിവെച്ചതായി ഡി ഡി ഇ അറിയിക്കുകയായിരുന്നു.