മോഷ്ടാവിനെ കുടുക്കിയത് ഫെയ്‌സ്ബുക്ക് പ്രൊഫൈലും വിമാന ടിക്കറ്റും

Posted on: November 15, 2014 9:26 am | Last updated: November 15, 2014 at 9:26 am

പെരിന്തല്‍മണ്ണ: വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വിലമതിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച നടത്തി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായ തമിഴ്‌നാട് ആമ്പൂര്‍, ഈദ്ഗാഹ് സ്ട്രീറ്റിലെ മുബാറക് അലി (39)യെ കുടുക്കിയത് ഫെയ്‌സ്ബുക്ക് പ്രൊഫൈലും ഫിംഗര്‍ പ്രിന്റും വിമാനടിക്കറ്റും. പോലീസ് അന്വേഷണ സംഘത്തെ അഞ്ച് സംഘങ്ങളാക്കി തിരിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെ രാജ്യത്തിനകത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവരെ കുറിച്ചും വളരെ രഹസ്യമായി ആസൂത്രണം നടത്തി.
ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ആമ്പൂര്‍, കര്‍ണാടകയിലെ ഹാസന്‍, പൊള്ളാറ്റിയിലെ ചോട്ടി സ്ട്രീറ്റ്, വാണിയമ്പാടിയിലെ കമ്പ്യൂട്ടര്‍ ഷോപ്പ് എന്നിവിടങ്ങളിലേക്ക് ആഡംബര കാറുകളില്‍ രണ്ട് പേര്‍ കുറഞ്ഞ വിലക്ക് അനുബന്ധ സാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതായി വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഷോപ്പില്‍ മുബാറക് അലി നല്‍കിയ വിസിറ്റിംഗ് കാര്‍ ഡിലെ ഫോട്ടോയും വിലാ സവും പരിശോധിച്ചതില്‍ അഡ്രസില്‍ ഫേസ്ബുക്കില്‍ ഉള്ളതായും പിന്നീട് വിശദമായി പോലീസ് നടത്തിയ പരിശോധനയില്‍ ഫെയ്‌സ്ബുക്കിലെ വിലാസവും ജോലിസംബന്ധമായ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. കേരളത്തില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ സ്റ്റുഡിയോ മോഷണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ശരി വെക്കുകയായിരുന്നു. പിന്നീട് ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതില്‍ നിന്നും മധുര പോലീസ് പ്രതിയുടെ പേരില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ മണ്ണാര്‍ക്കാട് താമസിച്ചു വരികയാണെന്ന് മനസ്സിലായി. മോഷണ കേസുകളില്‍ സ്ഥലത്ത് നിന്നും ലഭിച്ച ചാന്‍സ് ഫിംഗര്‍പ്രിന്റുകളുമായി വീണ്ടും തമിഴ്‌നാട്ടിലെത്തി പോലീസിന്റെ സഹായത്തോടെ ഒത്തുനോക്കിയതില്‍ ഒന്നാണെന്ന് കണ്ടെത്തി. പിന്നീട് പ്രതിയായ മുബാറക് അലിയെ പിടികൂടിയതില്‍ പ്രതിയുടെ മൊബൈലില്‍ ഇന്‍ബോക്‌സില്‍ നിന്ന് ചെന്നൈയില്‍ നിന്നും ആന്‍ഡമാന്‍ നികോബ്ബാറിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെയാണ് കേരളത്തിലെ കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള നിരവധി സ്ഥലങ്ങളിലെ 75ഓളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു.