ഖാദിസിയ്യാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Posted on: November 15, 2014 12:57 am | Last updated: November 14, 2014 at 11:58 pm

കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ ഇരുപതാം വാര്‍ഷിക, ഏഴാം ബിരുദ ദാന സമ്മേളനത്തിന് പ്രൗഢമായ തുടക്കം. തഴുത്തല ഖാദിസിയ്യാ നഗരിയില്‍ നിരവധി പണ്ഡിതരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി സയ്യിദ് സൈനുദ്ദീന്‍ ബാ അലവി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കം കുറിച്ചത്.

തുടര്‍ന്ന് എ എ അസീസ് എം എല്‍ എ ഇരുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംകള്‍ എക്കാലത്തും രാജ്യ താത്പര്യത്തിന് മുന്‍തൂക്കം നല്‍കി ജീവിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകള്‍ക്ക് ഭീകരവാദികളോ തീവ്രവാദികളോ ആകാന്‍ കഴിയില്ലെന്നും സന്മാര്‍ഗത്തിലേക്ക് വിളിക്കുന്നവരും അതില്‍ വിശ്വസിക്കുന്നവരുമാണ് രാജ്യത്തെ മുസ്‌ലിംകളെന്നും അദ്ദേഹം പറഞ്ഞു. സിറാജുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഡോ. എ യൂനുസ് കുഞ്ഞ്, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസി, സയ്യിദ് ഹാമിദ് കോയ തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, ഏരൂര്‍ ശംസുദ്ദീന്‍ മദനി, പ്രൊഫ. എന്‍ ഇല്യാസ് കുട്ടി, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുര്‍റഹീം ഹാജി, കെ ഐ എം സലീം മൗലവി, കോശി പി മാത്യു, മസ്ഊദ്‌ലാല്‍, എ എം അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് രാത്രി നടന്ന ദിഖ്‌റ് ഹല്‍ഖാ മജ്‌ലിസിന് സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി.
നാളെ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഹബീബ് അല്‍ അലവി ഹദ്ദാദ് മക്ക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.