Connect with us

Ongoing News

കുട്ടികളുടെ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കേരളത്തിന് പുറത്തേക്ക് മാറ്റുന്നു

Published

|

Last Updated

പാലക്കാട്: കുട്ടികളുടെ രക്ഷക്കായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിന്റെ 1098 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നു. ദക്ഷിണേന്ത്യയിലെ ചൈല്‍ഡ് ലൈന്‍ ആസ്ഥാനമായി ചെന്നൈയിലേക്ക് മാറ്റുകയും ടോള്‍ഫ്രീ നമ്പര്‍ തമിഴ്‌നാട്ടില്‍ കിട്ടുന്ന തരത്തില്‍ പുതിയ സംവിധാനം ഒരുക്കാനുമാണ് നീക്കം.
ദക്ഷിണേന്ത്യയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ചെന്നൈയില്‍ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് 1098 എന്ന ടോള്‍ ഫ്രീ നമ്പര്‍ മാറ്റുന്നത്. എമര്‍ജന്‍സി ടോള്‍ ഫ്രീ നമ്പര്‍ കഴിഞ്ഞ പത്തിന് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും കഴിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നമ്പര്‍ മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ചൈല്‍ഡ് ലൈന്‍ യൂനിറ്റുകളില്‍ നിന്ന് നാല്‍പ്പതോളം പേരെ പിരിച്ചുവിട്ടു.
ഫണ്ട് യഥാസമയം കിട്ടാത്തതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണ്. കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ കുറക്കാന്‍ 1098 ടോള്‍ നമ്പര്‍ സഹായിക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ നിന്നും 1098 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ ഇപ്പോള്‍ കിട്ടുന്നത് തിരുവനന്തപുരത്തേക്കാണ്. ജില്ലാതലത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് മാറ്റിയപ്പോള്‍ തന്നെ ഫോണ്‍കോളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയിലേക്ക് മാറ്റുമ്പോള്‍ ഇനിയും കുറവുണ്ടാകും.
സംസ്ഥാനത്തെ കോളിളക്കം സൃഷ്ടിച്ച പല ബലപീഡനങ്ങളും ചുരുളഴിഞ്ഞത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളിലും അധ്യാപകരിലും തുടങ്ങി പ്രതികളില്‍ പോലീസുകാര്‍ വരെയുണ്ട്. ബാല പീഡന നിയമമായ പോക്‌സോ പ്രകാരം സെപ്തംബര്‍ വരെ 1015 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും കേരളത്തിലാണ്.
ആഭ്യന്തര വകുപ്പിന്റെയും ചൈല്‍ഡ് ലൈനിന്റെയും കണക്കുകളനുസരിച്ച് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ നിയമമായ പോക്‌സോ പ്രകാരം 1015 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോക്‌സോ നിയമപ്രകാരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ പകുതിയിലധികം സംസ്ഥാനത്താണ് എന്നറിയുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. 73 കേസുകളുമായി കണ്ണൂരാണ് പട്ടികയില്‍ ഒന്നാമത്.
64 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തും. സംസ്ഥാനത്ത് അമ്പതില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ്. ഇത്തരമൊരു സഹാചര്യത്തില്‍ എമര്‍ജസി ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നിര്‍ത്തുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ അഭിപ്രായം.

Latest