ന്യൂ ജനറേഷന് ഒന്നും സംഭവിച്ചിട്ടില്ല

Posted on: November 15, 2014 6:00 am | Last updated: November 14, 2014 at 11:06 pm

അടുത്തിടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ, ഒരു ന്യൂജനറേഷന്‍ കുടുംബവുമായുണ്ടായ തര്‍ക്കത്തില്‍ കുടുങ്ങിയ കഥ പറയാം. നല്ല തറവാട്ടു മഹിമയുണ്ടെന്ന് പറഞ്ഞുകേട്ട ഒരു കുടുംബത്തിലെ അമ്മയും മകളും. സദ്യക്ക് ഇല വെച്ചപ്പോഴാണ് തൊട്ടടുത്തിരുന്ന അവരെ പരിചയപ്പെട്ടത്. പച്ചടിയും കിച്ചടിയും ഇലയില്‍ വീഴുന്നതിനിടെ അധികം വര്‍ത്തമാനം പറയാന്‍ ഞാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ വിളമ്പുകാരില്‍ ചിലരുടെ കോപ്രായം പെട്ടെന്നു തന്നെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ക്കു നേരെ നോക്കി അവര്‍ അര്‍ഥഗര്‍ഭമായി ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ ചിരിയും നോട്ടവും അത്ര പന്തിയല്ലെന്ന് ബോധ്യമാകാന്‍ അധിക സമയം വേണ്ടി വന്നില്ല. ഞാന്‍ പ്രതികരിച്ചു. കാര്യത്തിന്റെ ഗൗരവം പിടികിട്ടിയപ്പോള്‍ എനിക്കൊപ്പം മറ്റു ചിലരും കൂടി. ഊട്ടുപുരയില്‍ ഞാന്‍ തുടങ്ങിവെച്ച ബഹളത്തിന് കനം വെച്ചു. അവസാനം വിളമ്പുകാര്‍ മൂന്ന് പേരും നയം വ്യക്തമാക്കി. എന്നെ നോക്കിയല്ല അവര്‍ ചിരിച്ചതും പരിഹസിച്ചതും. അവരുടെ പരിഹാസത്തിന്റെ ഇരകള്‍ തൊട്ടടുത്തുണ്ടായിരുന്ന അമ്മയും മകളുമായിരുന്നു. കാരണവും മടിച്ച് മടിച്ചാണെങ്കിലും അവര്‍ തന്നെ വ്യക്തമാക്കി. മര്യാദക്ക് തുണിയുടുത്ത് നടന്നുകൂടേയെന്ന അവരുടെ ചോദ്യത്തിന് ഉത്തരം തേടി ആപാദചൂഢം ഞാന്‍ സഹ ഇരിപ്പുകാരെ നോക്കി. സത്യം പറഞ്ഞാല്‍, ആദ്യം ഞെട്ടിയതും പിന്നീട് പൊട്ടിത്തെറിച്ചതും ഞാനായിരുന്നു. പൊടുന്നനെയുള്ള എന്റെ ഭാവമാറ്റം കണ്ട് ആ സ്ത്രീയും ഒന്നു പകച്ചുപോയി. എന്നാല്‍ ഒട്ടും സങ്കോചമില്ലാതെ നിമിഷവ്യത്യാസത്തില്‍ അവരുടെ മറുപടിയും വന്നു: ‘ഇതാ ഇപ്പഴത്തെ ഫാഷന്‍, നാട്ടുമ്പുറക്കാരായ നിങ്ങള്‍ക്കൊക്കെ എന്തറിയാം!’ ഞാനെന്തെങ്കിലും തിരിച്ച് പറയുംമുമ്പേ അവര്‍ എന്തൊക്കെയോ കൂടി പറഞ്ഞു. കൂടുതല്‍ മറുപടി പറയാന്‍ എനിക്ക് തോന്നിയില്ല. മുട്ടുമറയാത്ത പള പള മിന്നുന്ന പട്ടുപാവാടയുടുത്ത, പതിനാല് തികയാത്ത ന്യൂജനറേഷന്‍കാരിയെയും എന്നോടു പൊട്ടിത്തെറിച്ച അവരുടെ ന്യൂജനറേഷന്‍ തള്ളയെയും ഒന്ന് കടുപ്പിച്ച് നോക്കി ഞാന്‍ പെട്ടെന്ന് പുറം തിരിഞ്ഞ് നടന്നു. കാരണം ഇനിയും അവിടെ നിന്നാല്‍ ചിലപ്പോള്‍ അവരെന്നെ സദാചാരപ്പോലീസാക്കിയാലോ…വേണ്ട, അതാണല്ലോ കാലം…
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിലായാണ് ന്യൂജനറേഷനെന്ന തലതെറിച്ച സംസ്‌കാരം പരിണമിച്ചതും വികസിച്ചതും. ഫാഷന്‍ തരംഗം മുന്‍ കാലങ്ങളിലും സമൂഹത്തിലും സംസ്‌കാരത്തിലും ചില ചെറുചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, അവയൊന്നും വലിയ കോമാളിത്തരങ്ങള്‍ ആയി മാറുകയോ സാംസ്‌കാരിക മൂല്യച്യുതിയിലേക്ക്് വഴി തുറക്കുകയോ ചെയ്്തിരുന്നില്ല. എഴുപതുകളിലും എണ്‍പതുകളിലും തുടങ്ങിവച്ച ഫാഷന്‍ സംസ്‌കാരം ബച്ചന്‍ സ്റ്റൈലില്‍ മുടി മുറിക്കുന്നതിലും കുരുവിക്കൂട് പോലെ മുടി ചീകിയൊതുക്കുന്നതിലും ബോട്ടന്‍ പാന്‍ും ഫുള്‍കൈയ്യന്‍ ഷര്‍ട്ട്്് ധരിക്കുന്നതിലും മറ്റും മാത്രമായൊതുങ്ങിയിരുന്നുവെന്ന്് വേണമെങ്കില്‍ പറയാം. കാരണം, അന്നത്തെ ന്യൂജനറേഷന് ഫാഷനില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. മാത്രമല്ല അതിന് സമയമുണ്ടായിരുന്നുമില്ല. പട്ടിണിയും പഠനവും കലയും വിപ്ലവവും അന്നത്തെ ന്യൂജനറേഷന്റെ ജീവിതത്തെ അത്രമേല്‍ ബാധിച്ചിരുന്നു/സ്വാധീനിച്ചിരുന്നു. അതിനുമെല്ലാമപ്പുറം വീട്ടുകാരും നാട്ടുകാരും എന്തു വിചാരിക്കുമെന്ന ആശങ്കയും ഭയവും ചെറുപ്പക്കാരെ ഭരിച്ചിരുന്നു. ചെറുപ്പക്കാരികളിലെ ഫാഷന്‍ പ്രതിപത്തി ശാരദ, ഷീല, ജയഭാരതിമാരുടെ ഹെയര്‍ സ്റ്റൈലില്‍ മാത്രം ഒതുങ്ങി നിന്നു. ശരീരഭാഗം മുഴുവനായി മറക്കുന്ന വസ്ത്രങ്ങളായിരുന്നു അക്കാലത്തെ സ്ത്രീകളുടെ ഫാഷന്‍ തരംഗം. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ബോളിവുഡ്്് സിനിമാ സംസ്‌കാരം കാര്യമായിത്തന്നെ പുതു തലമുറയെ സ്വാധീനിച്ചു തുടങ്ങി. മൊബൈല്‍ ഫോണുകളുടെ വരവും പിന്നീടങ്ങോട്ട് നവമാധ്യമങ്ങളുടെ കത്തിപ്പടരലും മൂലം പുതിയൊരു ഫാഷന്‍ വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടു. ന്യൂജനറേഷനില്‍ ഫാഷന്‍ അലിഞ്ഞുചേരുന്നതിനു പകരം ഫാഷനില്‍ ന്യൂജനറേഷന്‍ അലിഞ്ഞു ചേര്‍ന്നത്് വലിയ സാമൂഹിക വികലത സൃഷ്ടിക്കത്തക്ക രീതിയില്‍ പടര്‍ന്നു പന്തലിച്ചു തുടങ്ങി. ഉടുപ്പിലും നടപ്പിലും മാത്രമല്ല, പെരുമാറ്റത്തിലും പുതിയ സംസ്‌കാരമുണ്ടാക്കിയെടുത്തത് പുതിയ തലമുറയെ മാത്രമല്ല, സമൂഹത്തെത്തന്നെ കാര്യമായി ബാധിച്ചു തുടങ്ങി. വിമര്‍ശിക്കുന്നവരെയെല്ലാം പഴഞ്ചന്മാരെന്നും യാഥാസ്ഥിതികരെന്നും പുച്ഛിച്ചു തള്ളുന്ന കപടതയും വളര്‍ന്നു വന്നത് ന്യൂജനറേഷന്‍കാരുടെ തല തിരിഞ്ഞ വളര്‍ച്ചക്ക് വളമായി.
കുട്ടിക്കാലം തൊട്ടേ ന്യൂജനറേഷന്‍ ഭ്രമം പുതു തലമുറയെ പിടികൂടുന്നുണ്ടെന്ന കാര്യം ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ ഏറ്റവുമധികം സ്മാര്‍ട് ആവുന്നത് സ്മാര്‍ട്‌ഫോണുകള്‍ക്ക് മുന്നിലാണെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഒപ്റ്റിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. നീന്തല്‍, ഷൂവിന്റെ ലേസ് കെട്ടല്‍ എന്തിനധികം, സമയം പറയാന്‍ പോലും കാണിക്കുന്ന മിടുക്കിനേക്കാള്‍ അവര്‍ പ്രാഗത്ഭ്യം തെളിയിക്കുന്നത് സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതിലാണെന്നാണ് പഠനം പറയുന്നത്. രണ്ട് വയസ്സിനും പതിനാറു വയസ്സിനും ഇടക്കുള്ള കുട്ടികളില്‍ രണ്ടിനും നാലിനും ഇടയ്ക്കുള്ള മൂന്നിലൊന്നു കുട്ടികളും തങ്ങളുടെ മൂന്ന് മണിക്കൂര്‍ സമയം വരെ സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് തുടങ്ങിയ ഡിവൈസുകളിലാണ് സമയം ചെലവഴിക്കുന്നത്. ഇത് കുട്ടികളുടെ കാഴ്ച, ഉറക്കം, പഠനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. പല കുട്ടികളും പുസ്തകം വായിക്കുന്നതിനേക്കാള്‍ ആത്മവിശ്വാസത്തോടു കൂടിയാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. നാലു വയസ്സിനു താഴെയുള്ള മൂന്നിലൊന്നു കുട്ടികളും ടാബ്‌ലറ്റ് സ്വന്തമായുള്ളവര്‍ ആണെന്നും പത്ത് ശതമാനം കുട്ടികള്‍ ദിവസവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്്്. കുട്ടികളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സാന്നിധ്യം അത്യാവശ്യമാണെങ്കില്‍ കൂടിയും അവ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പരിമിതപ്പെടുത്തേണ്ടതു തന്നെയാണെന്നാണ് ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടികളില്‍ കാഴ്ചക്കുറവും പഠനത്തില്‍ അശ്രദ്ധയും സൃഷ്ടിക്കുന്ന ഇത്തരം ഡിവൈസുകള്‍ ഉപയോഗിക്കുന്നതില്‍ പ്രായപരിധി നിര്‍ബന്ധമായും നിശ്ചയിക്കേണ്ടതാണെന്നും പഠനം പറയുന്നു. ശതമാനക്കണക്കില്‍ വ്യത്യാസമുണ്ടാകാമെങ്കിലും കേരളവും ഈ പഠനത്തിന്റെ പരിധിയില്‍പ്പെടുമെന്ന്്് നമ്മളോര്‍ക്കണം.
ഇപ്പോഴത്തെ ട്രെന്‍ഡാണ് ഈ രൂപം എന്ന് ചിലര്‍ പറയാറുണ്ട്. അരക്ക് താഴെ തൂങ്ങിക്കിടന്നാടുന്ന പാന്റും മേലുടുപ്പിന്റെ ഗുണം ചെയ്യാത്ത കൂപ്പായവുമിട്ട് തലയിലും മുഖത്തും അല്‍പാല്‍പം ക്ഷൗരം ചെയ്ത്, അല്ലെങ്കില്‍ മുടി കുത്തിനിര്‍ത്തി ഒരു പുതിയ രൂപവും ഭാവവും ആര്‍ജിക്കുന്നതാണ് പരിഷ്‌കാരത്തിന്റെ പേരില്‍ ഇവര്‍ കെട്ടുന്ന വേഷം. പെണ്ണുങ്ങള്‍ ആണുങ്ങളുടെ ഷര്‍ട്ടും പാന്റും ഒക്കെ ഇടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. അതു പോലെ ന്യൂജനറേഷന്‍ വേഷങ്ങളും പതിയെ പതിയെ ഇരു കൈയ്യും നീട്ടി സമൂഹം സ്വീകരിക്കുമെന്നു ചിലരെങ്കിലും കരുതുന്നുമുണ്ട്്്.ആണുങ്ങളുടെ വസ്ത്രധാരണ രീതി ഇങ്ങനെയാണെങ്കില്‍ ന്യൂജനറേഷന്‍ സ്ത്രീകളുടെ വേഷ സങ്കല്‍പം പറയേണ്ട കാര്യമില്ലല്ലോ. നാട്ടിന്‍പുറങ്ങളില്‍ പോലും മുളച്ചുപൊന്തുന്ന ബ്യൂട്ടിപാര്‍ലറുകളുടെയും ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളുടെയും എണ്ണം മാത്രം നോക്കിയാല്‍ മതി സ്ത്രീകളുടെ ന്യൂജനറേഷന്‍ സങ്കല്‍പത്തിന്റെ വ്യാപ്തിയറിയാന്‍.
വസ്ത്രധാരണത്തിലുള്ള മാറ്റം മാത്രമാണ് ന്യൂജനറേഷന്‍ സംസ്‌കാരമെന്ന് തെറ്റിദ്ധരിക്കരുത്. വസ്ത്രധാരണം പ്രകടമായ ഒരു ദൃശ്യാനുഭവം മാത്രമാണ്. സംസ്‌കാരത്തെയാണ് ന്യൂജനറേഷന്‍ ബാധ ഏറ്റവുമധികം പിടികൂടിയിട്ടുള്ളത്. പുരുഷാധിപത്യ സമൂഹമെന്ന വ്യവസ്ഥിതി പ്രചാരണത്തില്‍ ശക്തമായി കൊണ്ടുവന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് ഏറ്റവുമധികം ശക്തി പകരുന്ന ഒന്നാണ് ന്യൂജനറേഷന്റെ സാംസ്‌കാരിക ബോധമെന്ന് ചിലരെങ്കിലും പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആണിനെയും പെണ്ണിനെയും ഒരുപോലെ കാണണമെന്ന ആശയത്തിനപ്പുറം ആണിന് ചെയ്യാനാവുന്നതെല്ലാം സ്ത്രീ പക്ഷത്തിനും സാധ്യമാകുമെന്ന വലിയൊരു സന്ദേശം പുതുതലമുറക്കാര്‍ കൊണ്ടുനടക്കുന്നുണ്ട്. ആണ്‍കോയ്മക്കെതിരെ പ്രതിഷേധിക്കാന്‍ ഏതുവഴിയും അവര്‍ തിരഞ്ഞെടുക്കുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ഗായകന്‍ യേശുദാസ് സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ജീന്‍സിട്ട് തെരുവിലിറങ്ങിയ ന്യൂജന്‍കാരെ നാം കണ്ടിരിക്കും. ഇതിനൊക്കെയപ്പുറം ഭാഷയിലും ഭക്ഷണത്തിലുമെല്ലാം പുതുതലമുറ പുതിയ രീതികള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
പുതുതലമുറക്കൊപ്പം ഫാഷനായി വളര്‍ന്നുവന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം സത്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിതുറന്നിട്ടത്. ഒഴിവാക്കണമെന്ന് അറിയാമായിരുന്നിട്ടും അറിഞ്ഞും അറിയാതെയും ഇവിടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരം പിന്‍തുടരുകയാണ്. ഫാസ്റ്റ് ഫുഡ് ഭക്ഷണം ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു- ശരീരത്തിനാവശ്യമായ പോഷകങ്ങളില്ലാത്ത വിഭവങ്ങള്‍ വലിയ വില കൊടുത്തു വാങ്ങി കഴിക്കാനുള്ള വ്യഗ്രത. എങ്ങനെയാണ്, എപ്പോഴാണ്് പോഷകസമൃദ്ധമായ തനതായ കേരളീയ ഭക്ഷണരീതി നമുക്ക് കൈമോശം വന്നത്? മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെ പോലും മാരകരോഗങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് ഈ മോഡേണ്‍ ഭക്ഷണ സംസ്‌കാരം കൊണ്ടെത്തിച്ചിരിക്കുന്നത്.
90 കളുടെ ആരംഭത്തോടെയാണ് ഭക്ഷണരീതിയില്‍ പ്രകടമായ പരിവര്‍ത്തനം സംഭവിച്ചുതുടങ്ങിയത്. അതായത്, സാമ്പത്തികമായും സാമൂഹികമായും കൈവരിച്ച നേട്ടങ്ങള്‍ നമ്മുടെ ജീവിതശൈലിയിലും പ്രകടമായിത്തുടങ്ങിയതോടെ. അതോടെ പരമ്പരാഗത ഭക്ഷണശൈലി മലയാളിക്ക് പ്രിയമല്ലാതായി. മോഡേണ്‍ വസ്ത്രധാരണവും ജീവിതരീതികള്‍ക്കുമിടയില്‍ നാടന്‍ വിഭവങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞു. പിറന്നാള്‍, അവാര്‍ഡ് കിട്ടിയതിന്, സമ്മാനം കിട്ടിയതിന് എന്നിങ്ങനെ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും എണ്ണം കൂടിയതോടെ ഭക്ഷണം എങ്ങനെയും അകത്താക്കാനുള്ള അവസരങ്ങളും വര്‍ധിച്ചു. ഒരുദിവസം തന്നെ വിവിധ പരിപാടികളുടെ പേരില്‍ നാം അറിയാതെ ശരീരത്തിലെത്തുന്ന കൊഴുപ്പും മധുരവും വേറെ. തിരക്കുപിടിച്ച ജീവിതവും അണുകുടുംബങ്ങളുടെ കടന്നു വരവും ഒരു നേരത്തെ ഭക്ഷണം പുറത്തുനിന്നാക്കാം എന്ന നിലയില്‍ കൊണ്ടെത്തിച്ചു കാര്യങ്ങള്‍. ഫാസ്റ്റ് ഫുഡ് സംസ്‌കാരം അക്ഷമ കൂട്ടുകയും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്്്. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ റോട്മന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് നൂറോളം പേരില്‍ സര്‍വേ നടത്തിയാണ് ഈ നിഗമനത്തില്‍ എത്തിയത്. യു എസില്‍ എത്ര പേര്‍ യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുവെന്നും ജീവിതത്തെ ആസ്വാദ്യകരമായി കാണുന്നുവെന്നും പഠന വിഷയമാക്കിയിരുന്നു. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ളവര്‍ക്ക് ജീവിതാസ്വാദ്യത കുറവാണെന്നും കണ്ടെത്തി. സാമ്പത്തിക ഭദ്രതയും ഇതില്‍ പ്രധാന ഘടകമാണ്. കുട്ടികളെ ഇത്തരം പരിസരങ്ങളില്‍നിന്ന് മാറ്റി വളര്‍ത്തിയാല്‍ മാത്രമേ ക്ഷമയും ആസ്വാദനശേഷിയുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ എന്നാണ് റോട്മാന്‍ സ്‌കൂളിലെ പ്രഫസറായ സാന്‍ഫോര്‍ഡ് ഡെ വോ പറയുന്നത്്.
ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ മിന്നല്‍ വേഗത്തില്‍ പറക്കുന്ന ചെറുപ്പക്കാര്‍ നമ്മുടെ യാത്രകളില്‍ മിക്കവാറും ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്. കാണുന്നവര്‍ക്ക് ഭയപ്പാടുണ്ടാക്കുന്ന വേഗവും ശബ്ദവും കൊണ്ട് പായുന്ന ഈ ചെറുപ്പക്കാര്‍ക്ക് വണ്ടി വാങ്ങിക്കൊടുക്കുന്നവര്‍ക്ക് നേരെയായിരിക്കും ആളുകള്‍ ആദ്യം ശാപവാക്കുകള്‍ ചൊരിയുക. മക്കളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് അവര്‍ ആഗ്രഹിക്കുന്നതെന്തും നല്‍കാന്‍ ചില മാതാപിതാക്കള്‍ കാണിക്കുന്ന വ്യഗ്രത ഒരുപക്ഷേ, അവര്‍ക്ക് ശാപമായി മാറിയേക്കാം. ഇന്നിപ്പോള്‍ പല നിറത്തില്‍ ഇറങ്ങിയിരിക്കുന്ന വാഹനങ്ങളില്‍ ചിലതിലൊക്കെ യാത്ര ചെയ്യുക എന്നതിലുപരി ‘പറപ്പിക്കുക’ എന്നതാണ് ന്യൂജനറേഷന്‍ സ്‌റ്റൈല്‍. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന ഇരു ചക്ര വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക് പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നവരുണ്ട്. എത്രയോ പേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച് വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇതില്‍ ഏറിയ കൂറും 18നും 35നും മധ്യേയുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഒരു സമൂഹത്തിന്റെ സ്വഭാവരീതികള്‍, ജീവിതരീതികള്‍, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍ വിശ്വാസ രീതികള്‍ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെയാണ് ആ പ്രത്യേക സമൂഹത്തിന്റെ സംസ്‌കാരം എന്നു പറയുന്നത്്. ദേശഭേദത്തില്‍ ഓരോ പ്രദേശത്തേയും ജനങ്ങളുടെ സംസ്‌കാരം വേറിട്ടിരിക്കുന്നു. ഒരു സ്ഥലത്തെ ജനങ്ങള്‍ തങ്ങളുടെ സംസ്‌കാരത്തെ ഉപേക്ഷിച്ച് മറ്റു സംസ്‌കാരത്തെ സ്വീകരിക്കുന്നതു അപൂര്‍വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്‌കാരം ബലംപ്രയോഗിക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാറുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഇന്‍കാ, മായന്‍ മുതലായ സംസ്‌കാരങ്ങളും, ഓസ്‌ട്രേലിയയിലെ ആദിവാസികളുടെ സംസ്‌കാരവുമെല്ലാം യൂറോപ്യന്‍ കുടിയേറ്റത്തോടു കൂടി നാമാവശേഷമായവയാണ്.
കോളനി വത്കരണ കാലഘട്ടത്തോട് കൂടി പല പ്രാദേശിക സംസ്‌കാരങ്ങളും യൂറോപ്യന്‍ സംസ്‌കാരങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗീകമായോ വഴിമാറിയതായാണ് കണക്കാക്കപ്പെടുന്നത്. ഒരു സമൂഹം എത്ര മേല്‍ മനുഷ്യത്വമുള്ളതായിരിക്കുന്നു എന്നതിന്റെ അളവുകോലാണ് സംസ്‌കാരം. സമൂഹത്തെയോ ജനതയേയോ കീഴ്‌പ്പെടുത്താന്‍, ആയുധങ്ങളെക്കാള്‍ എളുപ്പത്തില്‍ കഴിയുക, ആ സമൂഹത്തിന്റെ പ്രതിരോധ ശക്തി ഇല്ലാതാക്കുമ്പോഴാണ്. അവരെ നല്ല സംസ്‌കാരത്തില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോഴാണ്്്്് അത്്് സാധ്യമാകുന്നത്്. കേരളത്തിന്റെ വര്‍ത്തമാനത്തില്‍ കല, സാഹിത്യം, സംസ്‌കാരം, നവോത്ഥാന മൂല്യങ്ങള്‍ എന്നിവയ്ക്കു സംഭവിക്കുന്ന ഗുണ ഘടന എത്രത്തോളം മാറിയെന്ന്്് നാം ചിന്തിക്കേണ്ടതുണ്ട്്്. ലോകം വളരുകയാണ്. കാലം മാറുകയാണ്. കാലത്തിനനുസരിച്ച് മാറണം. പക്ഷേ മാറ്റം അതിര് കടക്കരുത്. നമുക്ക് ഒരു സംസ്‌കാരമുണ്ട്. എത്ര കാലം മാറിയാലും സമൂഹം ഇഷ്ടപ്പെടുന്നത് ഈ സംസ്‌കാരമായിരിക്കും.