Connect with us

Gulf

സമാധാനത്തിന്നായി എല്ലാവരും നിലകൊള്ളണം: കാന്തപുരം

Published

|

Last Updated

അബുദാബി: ലോകത്ത് സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. മാനവ കുലത്തെ മാനിക്കുക എന്ന സന്ദേശവുമായി വിജയകരമായ കര്‍ണാടക യാത്ര നടത്തിയ കാന്തപുരത്തിന് അബുദാബി ഇസ്‌ലാമിക് സെന്ററില്‍ നല്‍കിയ പൗര സ്വീകരണത്തിനുള്ള നന്ദി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അക്രമത്തിനും കുഴപ്പങ്ങള്‍ക്കും ആരും കൂട്ട്‌നില്‍ക്കരുത്. വിഭാഗീയതയും സ്പര്‍ദയും വളര്‍ത്തുന്ന രൂപത്തില്‍ പത്രങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. താന്‍ ബഹ്‌റൈനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ചില പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുത്തത് പ്രതിഷേധാര്‍ഹമാണ്.
ഇസ്‌ലാമിന്റെ സംസ്‌കാരവും ചിഹ്നങ്ങളും മറ്റ് ഏതെങ്കിലും മതത്തിനോ വ്യക്തികള്‍ക്കോ അടിയറവെക്കണമെന്നല്ല മറിച്ച് മുസ്‌ലിംകള്‍ മുസ്‌ലിമായി ജീവിക്കണം. ഇന്ത്യയെപോലുള്ള ബഹുസ്വര മതങ്ങളുടെ നാട്ടില്‍ മത സൗഹാര്‍ദ്ധത്തോടുകൂടിയും പരസ്പരം ബഹുമാനിച്ചും വര്‍ത്തിക്കണം. ഇതിനെതിരായി ഭൂരിപക്ഷ മത വിഭാഗങ്ങളോട് യുദ്ധം ചെയ്ത് ഇസ്‌ലാമിക രാജ്യവും, ഭരണഘടനയും നടപ്പാക്കണമെന്ന് പറയുന്നവര്‍ പമ്പരവിഡ്ഡികളും സമാധാനത്തിന്റെ ശത്രുക്കളുമാണ്. ഇത്തരക്കാരാണ് വാര്‍ത്തകള്‍ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. കാശ്മീരില്‍ അസമാധാനത്തിന്റെയും വെടിയൊച്ചയുടെയും നിഴലില്‍ കഴിയുന്ന കുട്ടികളെ മുഖ്യമന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും പൂര്‍ണ അറിവോടും എല്ലാ രേഖകളോടും കൂടി മര്‍കസിലേക്ക് കൊണ്ട് വന്നപ്പോഴും ഇത്തരക്കാര്‍ വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നു. പിന്നീട് സത്യം മനസ്സിലാക്കി ഇവര്‍ തിരുത്തി. കാന്തപുരം പറഞ്ഞു. സമ്മേളനം ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest