Connect with us

Gulf

ധാര്‍മിക മൂല്യമുള്ള മനസിന് വായന അനിവാര്യം- സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി

Published

|

Last Updated

ഷാര്‍ജ: ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന മനസുകളെ സൃഷ്ടിക്കാന്‍ നല്ല വായനയെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന് മലപ്പുറം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സിറാജ് ദിനപത്രം, ഇന്റലക്ച്വല്‍ ഫോറത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ സ്‌കോളര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വായനയിലൂടെ നല്ല മനുഷ്യനെ സൃഷ്ടിക്കാനും അതു വഴി നല്ല സമൂഹത്തിന്റെ പുനഃസൃഷ്ടിയുമാണ് നടക്കേണ്ടത്. തെറ്റായ വഴികളിലേക്ക് നീങ്ങുന്നവര്‍ക്ക് വെളിച്ചം പകരാനും പൈതൃകങ്ങളെയും സംസ്‌കാരത്തെയും പുനഃസൃഷ്ടിക്കാനും വായനയിലൂടെ സാധിക്കും.
മാനവരാശിയോട് വായിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഇസ്‌ലാം ലോകത്തിന് മുമ്പില്‍ നവോഥാന വിപ്ലവത്തിന് തുടക്കം കുറിച്ചത്. അറിവിനെയും വിജ്ഞാനത്തെയും അതിരുകള്‍ കടത്തി പ്രകാശിപ്പിക്കാന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലൂടെ ശ്രമിക്കുന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ശ്രമങ്ങള്‍ അത്യന്തം അഭിനന്ദനീയമാണെന്നും സമൂഹം അത് ഏറ്റെടുത്തതിന്റെ വിജയമാണ് 33 വര്‍ഷത്തെ പുസ്തക മേളയുടെ ചരിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖലീല്‍ തങ്ങളുടെ പരിപാടി ശ്രവിക്കാന്‍ നൂറുകണക്കിനാളുകള്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ എത്തിയിരുന്നു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍, പുസ്തകമേള എക്‌സ്റ്റേണല്‍ അഫയേര്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍, പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സി എം എ കബീര്‍ മാസ്റ്റര്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ബശീര്‍ സഖാഫി പുന്നക്കാട്, റശീദ് കരുവമ്പൊയില്‍, അബ്ദുല്ല ചേരൂര്‍, മുനീര്‍ ഹാജി സിലാന്റ്, നാസര്‍ വാണിയമ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് കാരശ്ശേരി സ്വാഗതവും മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.