Connect with us

Wayanad

കരുത്ത് തെളിയിച്ച് ഇത്തവണയും മീനങ്ങാടി

Published

|

Last Updated

മാനന്തവാടി: മൂന്ന് ദിവസമായി മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡ്‌റി സ്‌കൂളില്‍ നടന്ന ആറാമത് റവന്യു ജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. 100 പോയിന്റുകള്‍ നേടി മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ചൊവ്വാഴ്ച ആരംഭിച്ച കായികമത്സരങ്ങളാണ് ഇന്നലെ സമാപിച്ചത്. ജൂണിയര്‍, സബ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. മറ്റു രണ്ട് ഉപജില്ലകളെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ബത്തേരി ഉപജില്ല ആദ്യം ദിവസം തന്നെ ആരംഭിച്ച ആധിപത്യം നിലനിര്‍ത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 57 സ്വര്‍ണവും 42 വെള്ളിയും 28 വെങ്കലവും കൊയ്ത ബത്തേരി ഉപജില്ല 470 പോയിന്റാണ് നേടിയത്. മാനന്തവാടി ഉപജില്ല 18 സ്വര്‍ണവും 33 വെള്ളിയും 31 വെങ്കലവും നേടി 239 പോയിന്റോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 143 പോയിന്റു നേടി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്താണ്. 12 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമാണ് വൈത്തിരിക്ക് ലഭിച്ചത്. ജിഎച്ച്എസ്എസ് മീനങ്ങാടി സ്‌കൂള്‍ മെഡലുകള്‍ വാരിക്കൂട്ടി സ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ സ്‌കൂളായി. 13 സ്വര്‍ണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവുമടക്കം 100 പോയിന്റാണ് മീനങ്ങാടി സ്‌കൂളിന്റെ കായിക താരങ്ങള്‍ സ്വന്തമാക്കിയത്. യാതനകളുടെ നടുവില്‍ നിന്നും പടപൊരുതി കാക്കവയല്‍ ജിഎച്ച്എസ്എസിലെ വിജയി ടീച്ചറുടെ കായിക താരങ്ങള്‍ രണ്ടാം സ്ഥാനം നേടി. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി 71 പോയിന്റാണ് ഇവര്‍ പൊരുതി നേടിയത്. 63 പോയിന്റോടു കൂടി കാട്ടിക്കുളം ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി. ഏഴ് സ്വര്‍ണവും പത്ത് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇവര്‍ കരസ്ഥമാക്കിയത്.