Connect with us

Wayanad

ജില്ലാ സഹകരണ ബേങ്കിന് 2.81 കോടി രൂപ ലാഭം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ സഹകരണ ബാങ്കിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അപകീര്‍ത്തികരമാം വിധം വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരത്തിലുള്ള വാസ്തവവിരുദ്ധവും, അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ബാങ്കിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താനേ ഉപകരിക്കൂ. ബാങ്കില്‍ പ്യൂണ്‍ മുതലുള്ള നിയമനങ്ങള്‍ പി എസ് സി മുഖേനെയാണ് നടത്തുന്നത്. ഈ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം പി എസ് സി മുഖേന പ്യൂണ്‍ തസ്തികയില്‍ രണ്ട് പേരെയും, ഡയിംഗ് ഹാര്‍നസില്‍ സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയോട് കൂടി ഒരു പ്യൂണിനെയും നിയമിച്ചു. വികലാംഗക്വാട്ടയില്‍ ഒരു ടെപ്പിസ്റ്റിനെയും കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 ക്ലാര്‍ക്കുമാരെയും നിയമിച്ചു. ബാങ്കിന്റെ ശാഖകളില്‍ നിത്യനിധി നിക്ഷേപ പിരിവ് നടത്തുന്നതിനായി 20 കളക്ഷന്‍ ഏജന്റുമാരെയും നിയമിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിന്റെ വളര്‍ച്ചയില്‍ വേവലാതി പൂണ്ട ചില സ്വകാര്യവ്യക്തികളുടെ രാഷ്ട്രിയ ദുഷ്ട ലാക്കോടെയുള്ള കുപ്രചരണങ്ങളാണ് ബാങ്കിനെ സംബന്ധിച്ച് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ക്ക് പിന്നില്‍. ബാങ്കിന്റെ പുതിയ ശാഖകള്‍ക്ക് കൗണ്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏറ്റവും സുതാര്യമായ രീതിയിലാണ് നടത്തിയിട്ടുള്ളത്. 2014 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഡിറ്റ് നടത്തിയിട്ടുളളതാണ്. ഇതില്‍ യാതൊരു ക്രമക്കെടുകളും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

1982-ല്‍ സ്ഥാപിതമായ ജില്ലാസഹകരണ ബാങ്കിന്റെ മൊത്തലാഭം കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 881.64 കോടി രൂപയും അറ്റലാഭം 2.81 കോടി രൂപയുമാണെന്ന് പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 544.74 കോടി രൂപ നിക്ഷേപവും, 472.16 കോടി രൂപ വായ്പാ ബാക്കിനില്‍പ്പുമുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് വായ്പ 116 കോടി രൂപയും, നിക്ഷേപം 199 കോടി രൂപയുമാണ്. 2012-13 വര്‍ഷം 22 കോടി രൂപ കിട്ടാക്കടമായുള്ളത് 2013-14 സാമ്പത്തികവര്‍ഷം 18 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2011 ജൂലൈ 27ന് പി വി ബാലചന്ദ്രന്‍ കണ്‍വീനറായും, കെ വി പോക്കര്‍ഹാജി, മുഹമ്മദ് പി എന്നിവര്‍ അംഗങ്ങളുമായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധികാരത്തില്‍ വന്നു. 2013 ഫെബ്രുവരി 10 മുതല്‍ പി വി ബാലചന്ദ്രന്‍ പ്രസിഡന്റായുള്ള ഭരണസമിതി നിലവില്‍ വന്നു. അധികാരത്തില്‍ വരുമ്പോള്‍ ബാങ്കിന്റെ നിക്ഷേപം 224.25 കോടി രൂപയായിരുന്നത്. ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ 544.74 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. വായ്പകള്‍ 324.87 കോടി രൂപയായിരുന്നത് 472.16 കോടി രൂപയായി വര്‍ധിച്ചു. നിലവില്‍ 30 ശാഖകളാണ് ബാങ്കിനുള്ളത്. ഇതിന് പുറമെ ഇന്ന് കരണിയില്‍ പുതിയ ശാഖയുടെ ഉദ്ഘാടനം നടക്കും.
കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ദേശസാത്കൃത-വാണിജ്യ ബാങ്കുകള്‍ എന്നിവ നല്‍കിവരുന്ന എല്ലാ സേവനങ്ങളും നല്‍കുന്നതിന് ജില്ലാസഹകരണ ബാങ്ക് ഇപ്പോള്‍ പ്രാപ്തമാണ്. എ ടി എം സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഈ സാമ്പത്തികവര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം മൂന്ന് കോടിയായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി ഗോപകുമാര്‍, കെ വി പോക്കര്‍ഹാജി, കെ ജെ ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest