ചരിത്രാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയെന്ന് ആരോപണം

Posted on: November 14, 2014 10:15 am | Last updated: November 14, 2014 at 10:15 am

കോഴിക്കോട്: മാമാങ്ക ചരിത്ര സ്മാരകങ്ങള്‍ക്കും ശേഷിപ്പുകള്‍ക്കുമായി തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി വളപ്പില്‍ ഉത്ഖനനം നടത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പുരാതന ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗ പീഠവും രഹസ്യമായി കുഴിച്ചുമൂടിയതായി ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ തിരൂര്‍ ദിനേശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1766 ല്‍ നടന്ന അവസാനത്തെ മാമാങ്കത്തിന് ശേഷം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലായ വാകയൂര്‍കുന്നിലെ ഭൂമി ബാസ ല്‍ മിഷന്‍ വാങ്ങി അവിടെ ടൈ ല്‍ ഫാക്ടറി നിര്‍മിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ക്ക് മുകളിലായാണ് ഫാക്ടറി നിര്‍മിച്ചത്. പിന്നീട് കൈമാറ്റം നടന്ന ഭൂമിയില്‍ 2003ല്‍ നടത്തിയ ഉത്ഖനനത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയത്. എന്നാല്‍ അവ സംരക്ഷിക്കാന്‍ ശിപാര്‍ശ ചെയ്യാതെ ശേഷിപ്പുകളുടെ ഫോട്ടോ പകര്‍ത്തിയ ശേഷം പുരാവസ്തു ഗവേഷകര്‍ മണ്ണിട്ട് മൂടുകയായിരുന്നു. ‘ഫോട്ടോ എടുത്ത ശേഷം അവ സംഭവസ്ഥലത്ത് നിന്ന് ശേഖരിക്കാതെ അതേപടി നിലനിര്‍ത്തി’ എന്നാണ് ആര്‍ക്കിയോളജി ഡയറക്ടറേറ്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെന്ന് ദിനേശ് പറഞ്ഞു.