കൃഷിയിടം കൈയേറി വിളകള്‍ വെട്ടിനശിപ്പിച്ചു

Posted on: November 14, 2014 10:11 am | Last updated: November 14, 2014 at 10:11 am

താമരശ്ശേരി: റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കിയില്ലെന്നാരോപിച്ച് അഞ്ച് പേരുടെ കൃഷിയിടം കൈയേറി കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു. കോടഞ്ചേരി തെയ്യപ്പാറ തകരകാട്ടില്‍ തങ്കച്ചന്‍, കടുങ്കിങ്കല്‍ പോള്‍, കൂടക്കാട്ട് ജോര്‍ജ് തുടങ്ങിയവരുടെ തെങ്ങ്, റബര്‍, തേക്ക്, പ്ലാവ്, കൊക്കോ തുടങ്ങിയവ വെട്ടിമാറ്റി. റോഡരികിലെ മതിലുകള്‍ ഇടിച്ചു നിരത്തി. രാത്രി പത്തുമണിയോടെ ആയുധങ്ങളുമായെത്തിയ സംഘത്തെ പോലീസ് പിന്തിരിപ്പിച്ചെങ്കിലും ഒരുമണിയോടെ വീണ്ടും എത്തി അക്രമം നടത്തുകയായിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു.
പേനപ്പാറ മുതല്‍ തെയ്യപ്പാറ, പടുപുറം വഴി കുരിശിങ്കല്‍ വരെയുള്ള 4.35 കിലോമീറ്റര്‍ റോഡ് എട്ട് മീറ്ററില്‍ വീതികൂട്ടി ടാറിംഗ് നടത്താനായി മൂന്നേമുക്കാല്‍ കോടിരൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മുന്നൂറ് മീറ്റര്‍ ദൂരത്തിലുള്ള അഞ്ച് പേരുടെ ഭൂമി വിട്ടുകൊടുക്കാതെ റോഡ് വികസനത്തിന് എതിര് നില്‍ക്കുകയാണെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ഭൂമി കൈയേറുന്നതിനെതിരെ അഞ്ച് പേരും കോടതിയില്‍ നിന്ന് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നേടിയിരുന്നു. ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷം കൃഷിഭൂമി കൈയേറിയത്. കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.