ലോക വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചേക്കും

Posted on: November 14, 2014 12:18 am | Last updated: November 13, 2014 at 11:18 pm

ന്യൂഡല്‍ഹി: ലോക വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചേക്കും. ഭക്ഷ്യവസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതോടെ ലോക വ്യാപാര കരാറില്‍ (ഡബ്ല്യു ടി ഒ ) ഇന്ത്യ ഒപ്പ് വെക്കുന്നതിന് വഴിയൊരുങ്ങിയതായി വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. വാണിജ്യം അനായാസമാക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ മാസങ്ങളായി നിലനിന്ന തടസ്സമാണ് ഇതോടെ നീങ്ങിയത്. രാജ്യാന്തര ചരക്കുനീക്കം സുഗമമാക്കുന്നതും കസ്റ്റംസ് പരിശോധനകള്‍ ഉദാരമാക്കുന്നതും ലക്ഷ്യമിടുന്നതാണ് കരാര്‍.
കരാര്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ഡബ്ല്യൂ ടി ഒ ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കും. ഇതിന് ശേഷമാകും ഇന്ത്യ കരാറില്‍ ഒപ്പിടുക. കൗണ്‍സിലില്‍ ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അമേരിക്ക പിന്തുണക്കുമെന്നും നിര്‍മല സീതാരാമന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ലോകവ്യാപാര മേഖലയെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടിയെയും ഇന്ത്യ പിന്തുണക്കും. കരാറിലെ അപാകങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ലോക വ്യാപാര കരാറില്‍ ഒപ്പ് വെക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യ ജൂലൈ അവസാനത്തോടെ തുടങ്ങിയിരുന്നുവെങ്കിലും വിവിധ വിഷയങ്ങള്‍ കാരണം തടസ്സപ്പെട്ടിരിക്കയായിരുന്നു. കാര്‍ഷിക സബ്‌സിഡി, ധാന്യ സംസ്‌കരണം തുടങ്ങിയവയായിരുന്നു പ്രധാന തടസ്സം.
വ്യാപാര കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് വികസിത, വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാര്‍ഷിക വിപണിയെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷത്തിന് ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉദാരമാക്കുന്നത് തിരിച്ചടിയാകുമെന്ന് വികസ്വര രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വികസ്വര രാജ്യങ്ങളില്‍ വിപണികള്‍ തുറന്നുകിട്ടാന്‍ കരാര്‍ പ്രയോജനപ്പെടുമെന്നാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരുതുന്നത്.