Connect with us

National

വീടില്ലാത്തവര്‍ക്ക് അഭയം: നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വീടില്ലാത്തവര്‍ക്ക് അഭയകേന്ദ്രമൊരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പത്ത് ദിവസത്തിനകം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എ കെ സിക്രി എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
രാജ്യത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും താത്കാലിക അഭയം ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. നഗരപ്രദേശങ്ങളിലെ ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ എന്തെല്ലാം വഴികളാണ് സ്വീകരിച്ചതെന്ന് അറിയാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം നഗരവികസന മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിളിക്കണമെന്നാണ് നിര്‍ദേശം. സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. സമാന ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി നടപടിക്ക് ഉത്തരവിട്ടതിനാല്‍ ഡല്‍ഹിയില്‍ ഭവനരഹിതരുടെ കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ലെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലാത്തതിനാല്‍ ചില സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ഒന്നും ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. തലസ്ഥാനത്ത് 231 നിശാ അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ഇവയില്‍ 84 എണ്ണം സ്ഥിരമായി പ്രവര്‍ത്തിക്കാറുണ്ടെന്നും അവയില്‍ 17000 ഭവനരഹിതര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെ കണക്കനുസരിച്ച് ഇവിടെ മാത്രം 39000 ഭവനരഹിതരുണ്ടെന്നും എന്നാല്‍ 17000 പേര്‍ക്ക് മാത്രമേ അഭയം നല്‍കിയിട്ടുള്ളൂവെന്നും ഹരജി നല്‍കിയ കക്ഷികളില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. വെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest