സുനന്ദ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്

Posted on: November 13, 2014 11:36 am | Last updated: November 14, 2014 at 12:24 am

sunantha pushkar

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. സുനന്ദ അവസാന നിമിഷം ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീലാ ഹോട്ടലിലെ 145-ാം മുറി പരിശോധിച്ചപ്പോഴാണ് വസ്തുക്കള്‍ കാണാതായത് ശ്രദ്ധയില്‍ പെട്ടത്.
അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തു. സുനന്ദ ഹോട്ടലിലേക്ക് കയറുമ്പോള്‍ ഒരു ബാഗ് കൈയിലുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഈ ബാഗ് പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിലെ ഉദ്യോഗസ്ഥരേയും സുനന്ദ പുഷ്‌കറുമായി ബന്ധമുള്ള ചിലരേയും പൊലീസ് ചോദ്യം ചെയ്തു.
വിഷം അകത്ത് ചെന്നാണ് മരിച്ചതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം തെളിവുകളില്‍ വ്യക്തമായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.