Connect with us

Wayanad

ഊട്ടി ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടിയിലെ ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. സ്ഥാപനം സംരക്ഷിക്കണമെന്നും, ഇത് പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി യു പി എ സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കേന്ദ്ര തൊഴില്‍, ധനകാര്യ മന്ത്രിമാര്‍ക്കാണ് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നത്.
ബി ജെ പി സര്‍ക്കാറിനും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ബി ജെ പി സര്‍ക്കാരിലാണ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത്. കേന്ദ്രത്തില്‍ ഭരണത്തിലെത്തി മാസങ്ങള്‍ പിന്നിട്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനം സംരക്ഷിക്കാനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്ഥാപനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രണ്ടരമാസക്കാലം സത്യാഗ്രഹം നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. സ്ഥാപനത്തില്‍ മുവ്വായിരത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഊട്ടി-ഗൂഡല്ലൂര്‍ പാതയിലെ 312 ഏക്കര്‍ സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം ഫാക്ടറി ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.
1960ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് തറക്കല്ലിടുകയും 1967ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുകയും ചെയ്ത സ്ഥാപനമാണിത്. 99 വര്‍ഷത്തെ കാലാവധിക്ക് വെറും ഒരു രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ വനംവകുപ്പില്‍നിന്ന് 312 ഏക്കര്‍ സ്ഥലംവാങ്ങിയാണ് കോടികള്‍ മുടക്കി ഇവിടെ സ്ഥാപനം നിര്‍മിച്ചിരുന്നത്.
ആശുപത്രികള്‍, സ്റ്റുഡിയോ, എക്‌സറേ ഫിലിം തുടങ്ങിയ പലതും ഇവിടെ നിര്‍മിച്ചിരുന്നു. ഫിലിമുകളും മറ്റും പലഭാഗത്തേക്കും അയക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമായിരുന്നു ഇത്. 1968 മുതല്‍ 5,000ല്‍പ്പരം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് നിരവധി തൊഴിലാളികള്‍ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞുപോയിരുന്നു. ആദ്യകാലത്ത് തന്നെ ഒരു തൊഴിലാളിക്ക് 5,000 രൂപ മുതല്‍ മാസ ശമ്പളവും ഉണ്ടായിരുന്നു. തോട്ടംതൊഴിലാളികളും, കൂലിപണിക്കാരുമായ നീലഗിരിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായായിരുന്നു കാമരാജ് ഇതിന് തറക്കല്ലിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടു എല്ലാ മേഖലകളും ഡിജിറ്റല്‍ യുഗമാകുകയും കേന്ദ്രം ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തതോടെ ഇതിന്റെ തകര്‍ച്ചയും തുടങ്ങി. 1987 മുതലാണ് സ്ഥാപനം ഏത് സമയവും അടച്ചുപൂട്ടുമെന്ന അവസ്ഥ ഉണ്ടായത്.
സംസ്ഥാനത്ത് ചെന്നൈയിലും ഇതുപോലെ ഒരു കമ്പനിയുണ്ട്. 25 വര്‍ഷക്കാലം ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 1990മുതലാണ് നഷ്ടത്തിലായത്. എച്ച് പി എഫ് പുനരുദ്ധരിക്കുന്നതിനുള്ള പാക്കേജ് ബോര്‍ഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ ഓഫ് പബ്ലിക് എന്റര്‍ പ്രൈസസ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അതേസമയം മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം ഈ പാക്കേജ് തള്ളിക്കളഞ്ഞിരുന്നു. സ്ഥാപനത്തിന്റെ വികസനപ്രവൃത്തികള്‍ക്ക് വേണ്ടി ബേങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടച്ചിട്ടുമില്ല. പ്രസ്തുത സ്ഥാപനം തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവൃത്തിപ്പിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. കേന്ദ്രം ഫണ്ട് ഇറക്കി ഇത് ഡിജിറ്റലാക്കി മാറ്റിയാല്‍ ഇനിയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും.