കാല്‍ നൂറ്റാണ്ടിന് ശേഷം രത്‌നാകരന്‍ നാടണഞ്ഞു

Posted on: November 13, 2014 10:14 am | Last updated: November 13, 2014 at 10:14 am

കാളികാവ്: ജീവിത പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ തേടി കാല്‍നൂറ്റാണ്ട് മുമ്പ് നാടുവിട്ട അടക്കാകുണ്ട് താനിപ്പാടത്തെ പുല്‍പറ്റ രത്‌നാകരന്‍ ഒടുവില്‍ വീടണഞ്ഞു. ആശാരിപ്പണിയെടുത്ത് ജീവിതം കരുപിടിപ്പിക്കുന്നതിനിടയില്‍ സാമ്പത്തിക പ്രയാസം മൂലമാണ് മൂന്ന് കുട്ടികളുടെ പിതാവായിരുന്ന രത്‌നാകരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടത്.
കഴിഞ്ഞ ദിവസമാണ് മകള്‍ക്കൊപ്പം ഇയാള്‍ അടക്കാകുണ്ടിലെ ബന്ധുവീട്ടിലെത്തിയത്. ലക്ഷ്യമില്ലാത്ത യാത്രയില്‍ എവിടെക്കൊക്കെയോ പുറപ്പെട്ട രത്‌നാകരന്‍ ഒടുവില്‍ കര്‍ണ്ണാടകയിലെത്തി. പല ജോലികളും ചെയ്ത് ജീവിതം തള്ളിനീക്കി. ഇതിനിടയില്‍ മറ്റൊരു വിവാഹവും കഴിച്ചു. അതില്‍ ഒരു മകളുണ്ട്. നാലാം ക്ലാസ്സുവരെ പഠിച്ച മകള്‍ പഠനം നര്‍ത്തി. ഇപ്പോള്‍ വീട്ടുജോലിയും മറ്റും നോക്കുന്നു. കര്‍ണ്ണാടകയില്‍ ജോലിക്കിടെ വീണ് ഗുരുതര പരുക്കേറ്റിരുന്നു. അതോടെയാണ് ജന്‍മ നാടിലേക്ക് മടങ്ങാന്‍ തിരുമാനിച്ചത്. 28 വര്‍ഷം മുമ്പ് അടക്കാകുണ്ടില്‍നിന്നും പോവുമ്പോള്‍ അമ്മ ജാനു വീട്ടിലുണ്ടായിരുന്നു. മടങ്ങിവന്ന് ശിഷ്ട കാലം അമ്മയോടൊപ്പം കഴിച്ച്കൂട്ടാമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ അമ്മ നാല് വര്‍ഷം മുമ്പ് മരിച്ച വിവരം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രത്‌നാകരന്‍ അറിയുന്നത്.