പെരുമുഖം കള്ളിക്കൂടം റോഡ് ടാറിംഗ്: വ്യാജരേഖയുണ്ടാക്കി പണം തട്ടിയെന്ന് ബി ജെ പി

Posted on: November 13, 2014 9:24 am | Last updated: November 13, 2014 at 9:24 am

ഫറോക്ക്: പെരുമുഖം കാരാളിപറമ്പില്‍ കള്ളിക്കൂടം കാട്ടുങ്ങല്‍താഴം റോഡിന്റെ ടാറിംഗ് പ്രവര്‍ത്തിയില്‍ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടിയതായി ബി ജെ പിപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫറോക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ഈ റോഡ് എം എല്‍ എഫണ്ട് ഉപയോഗിച്ച് ഗുണഭോക്ത കമ്മിറ്റി ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തിയണ്. എന്നാല്‍ ഗുണഭോക്താക്കളെ അറിയിക്കാതെ ഗുണഭോക്തൃ കമ്മിറ്റി എന്ന പേരില്‍ ഗുണഭോക്താക്കളുടെ പേരുകളും ഒപ്പുകളും കൃത്രിമമായി ചേര്‍ത്ത് മിനുട്‌സ് ഉണ്ടാക്കി പണം തട്ടിയെടുത്തതായി ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഏഴ് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പ്രവര്‍ത്തി ചെയ്ത റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നതോടെ നാട്ടുകാര്‍ ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെട്ടതോടെയാണ് ഗുണഭോക്ത കമ്മിറ്റിയുടെ പേരില്‍ നടന്ന അഴിമതി പുറത്തായത്. വിവരാവകാശനിയമം പ്രകാരം മിനുട്‌സിന്റെ പകര്‍പ്പ് പരിസരവാസികളെ കാണിച്ചപ്പോഴാണ് നാട്ടുകാര്‍ വഞ്ചിതരായതായ വിവരം അറിയുന്നത്.
ഇതിനു പിന്നില്‍ ചില സി പി എം പ്രവര്‍ത്തകര്‍ ഉണ്ടെന്നും ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിച്ചു. വ്യാജ രേഖയുണ്ടാക്കാന്‍ കൂട്ടുനിന്ന വാര്‍ഡ് മെമ്പര്‍, ബ്ലോക്ക് മെമ്പര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കണക്കില്‍ 18 ബാരല്‍ ടാര്‍ ഉപയോഗിച്ചതായാണ് രേഖ എന്നാല്‍ നാല് ബാരല്‍ ടാര്‍ മാത്രമാണ് റോഡിനായി ചെലവാക്കിയത്. കമ്മിറ്റിയുടെ ചെയര്‍മാനും കണ്‍വീനറും റോഡിന്റെ സമീപത്തുള്ളവരല്ല എന്നും ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു. കെ പി നിഷീദ് കുമാര്‍, പി മോഹന്‍ ദാസ്, സജീവ് മലയില്‍, പി പി അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തി ല്‍ പങ്കെടുത്തു.#േ