ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവെച്ചു

Posted on: November 13, 2014 3:57 am | Last updated: November 12, 2014 at 11:57 pm

കൊച്ചി: ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. പട്ടാമ്പിക്ക് സമീപം ആമയൂരില്‍ നടന്ന കൂട്ടക്കൊലപാതക കേസിലെ പ്രതി പാല കാരൂര്‍ സ്വദേശി റെജികുമാറിന് പാലക്കാട് സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, എ വി രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയത്. സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. കൊലപാതകത്തിനും മകളെ ബലാത്സംഗത്തിനിരയാക്കിയതിനുമാണ് പ്രതിക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
ഭാര്യ ലിസി (35), അമലു (12), അമല്യ (9), അമല്‍ (10) അമന്യ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2008 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലിസിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലും രണ്ട് കുട്ടികളുടെ ജഡം വീടിനടുത്തുള്ള പറമ്പിലും മറ്റ് രണ്ട് പേരുടെ ജഡം കിടപ്പുമുറിയിലും അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അമലുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയാക്കി. സമൂഹ മനസ്സാക്ഷിയെ നടുക്കിയ കൊലപാതകം നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രതിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന സെഷന്‍സ് കോടതിയുടെ കണ്ടെത്തലില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. സംരക്ഷണം നല്‍കേണ്ട കൈകള്‍ കണ്ട് ഒരു കുടംബത്തെയാകെ വകവരുത്തിയ പ്രതി മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്നും ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുമായുള്ള അവിഹിതബന്ധമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചതെന്നുമുള്ള കണ്ടെത്തലുകളും തെളിഞ്ഞിട്ടുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സംഭവം അത്യപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന ഗണത്തില്‍ പെടുത്തി സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു.