വധശിക്ഷക്ക് വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്ക മാപ്പ് നല്‍കി

Posted on: November 13, 2014 5:22 am | Last updated: November 12, 2014 at 11:22 pm

ന്യൂഡല്‍ഹി/കൊളംബോ: വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. ശ്രീലങ്കന്‍ വിവര വിനിമയ മന്ത്രി പ്രഭാ ഗണേശന്‍ കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഹൈക്കോടതി വിധിക്കെതിരെ ഇന്ത്യ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ പിന്‍വലിക്കണമെന്നും ഗണേശന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് മഹീന്ദ രാജപക്‌സെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാപ്പ് നല്‍കാന്‍ തയ്യാറായിരിക്കുന്നുവെന്ന് ഗണേശന്‍ പറഞ്ഞു.
അപ്പീല്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസ് ആറ് മാസത്തേക്ക് കൂടി നീളുമെന്നും ഇതില്‍ പ്രസിഡന്റ് തീരുമാനമെടുക്കുന്നത് വൈകുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കുന്ന കാര്യം രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുകയാണെങ്കില്‍ നിരുപാധിക മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് രജപക്‌സേ. അപ്പീല്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഉടന്‍ തീരുമാനമെടുക്കും.
രാമേശ്വരത്തെ തങ്കച്ചിമഠം സ്വദേശികളായ അഗസ്റ്റിന്‍, വിത്സന്‍, പ്രസാദ്, എമേഴ്‌സന്‍, ലാംഗ്‌ലെറ്റ് എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നത്. രാമേശ്വരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ ഇവരെ 2011ലാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ കൊളംബോ ഹൈക്കോടതിയാണ് കഴിഞ്ഞയാഴ്ച ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നിയമ നടപടികള്‍ക്കു വേണ്ടി ഇരുപത് ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.