Connect with us

Editorial

അമിക്കസ് ക്യൂറിക്ക് കോടതി പിന്തുണ

Published

|

Last Updated

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ശ്രി പത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് തിരിച്ചടി നേരിട്ടിരിക്കയാണ്. ക്ഷേത്ര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍ ക്രമക്കേട് നടന്നതായി കാണിക്കുന്ന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന രാജകുടുംബത്തിന്റെ ആവശ്യം നിരസിച്ച കോടതി, അമിക്കസ് ക്യൂറിക്കെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ നിരസിക്കുകയുമുണ്ടായി. രാജകുടംബത്തെ മനഃപൂര്‍വം അപമാനിക്കുന്ന തരത്തില്‍ ക്രൂരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ഉന്നയിക്കുന്നതെന്നും തങ്ങളെ ഒന്നാകെ ക്ഷേത്രകാര്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് അമിക്കസ്‌ക്യൂറിയുടെ ലക്ഷ്യമെന്നുമാണ് രാജകുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നത്. ഗോപാല്‍ സുബ്രഹ്മണ്യം ഒരു സാധാരണ അമിക്കസ്‌ക്യൂറിയല്ലെന്നും കേസില്‍ കോടതിയെ സഹായിക്കാനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനായ അദ്ദേഹത്തിന് തന്റെ ചുമതലകളെക്കുറിച്ച് ശരിയായ ബോധമുണ്ടെന്നുമുള്ള പ്രതികരണത്തോടെ കോടതി ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിക്ക് സമര്‍പ്പിച്ച 575 പേജുള്ള റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്. സ്വകാര്യ സ്വത്തുപോലെയാണ് രാജകുടുംബം ക്ഷേത്രസ്വത്ത് കൈകാര്യം ചെയ്യുന്നതെന്നും ധാര്‍മികതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ കടമകള്‍ അവര്‍ ലംഘിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ക്ഷേത്രത്തിലെ കണക്കുകളില്‍ വന്‍തോതിലുള്ള കൃത്രിമവും അമിക്കസ് ക്യൂറി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ട്രസ്റ്റികളും കുടുംബാംഗങ്ങളും നേരിട്ടോ അല്ലാതെയോ ക്ഷേത്ര ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് തടയണമെന്നും ഇപ്പോള്‍ ട്രസ്റ്റിയായ രാജാവിന് പ്രാര്‍ഥിക്കാനുള്ള അവകാശം മാത്രമേ നല്‍കാവൂ എന്നും അദ്ദേഹം നിര്‍ദേശിക്കുകയുമുണ്ടായി. ഇതടിസ്ഥാനത്തില്‍ ക്ഷേത്ര നടത്തിപ്പിന് ജില്ലാ ജഡ്ജി അധ്യക്ഷനായി പുതിയ അഞ്ചംഗ ഭരണസമിതി രൂപവത്കരിക്കാനും ക്ഷേത്രത്തിന്റെ 25 വര്‍ഷത്തെ കണക്കുകള്‍ മുന്‍ സി എ ജി വിനോദ് റോയിയെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനും സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഇതെല്ലാമായിരിക്കണം രാജകുടുംബത്തെ അലോസരപ്പെടുത്തുന്നതും അമിക്കസ്‌ക്യൂറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതും.
അമിക്കസ് ക്യൂറിയുടെ ആരോപണങ്ങളെ ക്ഷേത്രത്തിലെ മുന്‍ വിദഗ്ധസമിതി ചെയര്‍മാന്‍ സി വി ആനന്ദബോസ് ശരിവെക്കുന്നുണ്ട്. ക്ഷേത്ര സ്വത്തില്‍ വലിയൊരു ഭാഗം മുന്‍കാല രാജകുടുംബം വിദേശത്തേക്ക് കടത്തുകയും സ്വത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തു വരാതിരിക്കാന്‍ നൂറ് വര്‍ഷം മുമ്പ് നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ പൂഴ്ത്തുകയും ചെയ്തതായി ആനന്ദബോസ് ആരോപിച്ചിരുന്നു. ക്ഷേത്രത്തില്‍ പരിശോധനക്കെത്തിയ അമിക്കസ്‌ക്യൂറിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ രാജകുടുംബം ശ്രമിച്ചതും അവിടെ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ടെന്ന സന്ദേഹം ബലപ്പെടുത്തുന്നുണ്ട്.
രാജകുടുംബത്തിന്റേതാണ് ക്ഷേത്രസ്വത്തെന്ന അവകാശവാദത്തിന്മേലാണ് അവര്‍ ഇത്രയും കാലം അത് കൈവശം വെച്ചതും കൈകാര്യം ചെയ്തതും. ചരിത്രരേഖകള്‍ ഈ അവകാശ വാദത്തെ തുണക്കുന്നില്ല. നികുതിയായി പിരിച്ചെടുത്തവയും യുദ്ധങ്ങളില്‍ പിടിച്ചെടുത്തവയുമാണ് ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവുമെന്നതാണ് ലഭ്യമായ രേഖകള്‍. വിദേശ കച്ചവടക്കാരുമായി നടത്തിയ ഇടപാടുകളുടെ ലാഭവിഹിതവും കൂട്ടത്തിലുണ്ടായിരിക്കാം. രാജ്യത്തിന്റെ പ്രധാന ഖജനാവെന്ന നിലയിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തെ രാജാക്കന്മാര്‍ കണ്ടിരുന്നത്. ഭക്തന്മാരില്‍ നിന്ന് കാണിക്കയായി ലഭിച്ചതാണ് ക്ഷേത്രസ്വത്തുക്കളെന്ന് വിശ്വസിക്കുന്നവരുണ്ട്. രണ്ടായാലും പൊതുസ്വത്താണ് ഈ സ്വത്തുക്കളത്രയും. രാജകുടുംബത്തിന് ഇതില്‍ അവകാശമില്ല. പഴയ രാജകുടുംബത്തിന് എന്തെങ്കിലും അവകാശം ഉണ്ടായിരുന്നുവെങ്കില്‍ തന്നെ 1972ല്‍ രാജാക്കന്മാരുടെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ അതും ഇല്ലാതായി. എന്നിട്ടും ക്ഷേത്രസ്വത്തിന്റെ നിയന്ത്രണം രാജകുടുംബത്തിന്റെ കൈകളില്‍ തന്നെയിരിക്കണമെന്ന് ശഠിക്കുന്നത് ഏതടിസ്ഥാനത്തിലാണ്?
ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴെല്ലാം അവരെ വെള്ളപൂശുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ പൊതുസ്വത്ത് നഷ്ടപ്പെടുന്നതിലല്ല, അത് കൊള്ളയടിക്കുന്നവരെ വിമര്‍ശിക്കുന്നതിലാണ് ഭരണതലപ്പത്തെ ചിലര്‍ക്ക് വേവലാതി. ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ രാജകുടുംബവുമായി ഒത്തുകളി നടത്തുകയാണെന്ന അമിക്കസ് ക്യൂറിയുടെയും ആനന്ദബോസിന്റെയും ആരോപണങ്ങളെ ബലപ്പെടുത്താനേ ഇത് ഉപകരിക്കൂ. കോടതികളാണ് ഇത്തരം ഘട്ടങ്ങളില്‍ നീതിയുടെയും സത്യത്തിന്റെയും സംരക്ഷണത്തിനെത്തുന്നത്. അമിക്കസ് ക്യൂറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി നല്‍കുന്ന പിന്തുണ ആശാവഹവും നാടിന്റെ താത്പര്യത്തിന് ഉതകുന്നതുമാണ്.