മന്ത്നിവാരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

Posted on: November 13, 2014 12:40 am | Last updated: November 12, 2014 at 10:41 pm

കാസര്‍കോട്: ജില്ലയില്‍ മന്ത് രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു.
ഡിസംബര്‍ 14 മുതല്‍ 20 വരെ നടക്കുന്ന സമൂഹ മന്ത് രോഗ ചികിത്സാ പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ 593 മന്ത് രോഗികള്‍ ഉള്ളതായാണ് ഏറ്റവും ഒടുവിലത്തെ സര്‍വെയില്‍ കണ്ടെത്തിയിട്ടുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, പള്ളിക്കര എന്നീ സ്ഥലങ്ങളിലാണ് രോഗികള്‍ കൂടുതലുള്ളത്. ഈ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും.
ദേശീയ മന്ത് രോഗ നിവാരണ വാരാചരണത്തില്‍ ഇത്തവണ കാസര്‍കോട് ജില്ലയ്ക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മന്ത് രോഗം കൂടുതല്‍ കണ്ടുവന്നിരുന്ന ആലപ്പുഴ ജില്ലയിലെ പ്രതിരോധപ്രവര്‍ത്തനം വിജയകരമായതിനാല്‍ ഇത്തവണ ഒഴിവാക്കപ്പെട്ടു. മന്ത് രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴയുടെ മാതൃക സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. മന്ത് രോഗ പ്രതിരോധത്തിനുള്ള ഡി ഇ സി ആല്‍ബന്റസോള്‍ ഗുളികകള്‍ ജില്ലയിലെ മുഴുവന്‍ ആളുകളെയും കഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, തൊഴില്‍ശാലകള്‍, ക്വാട്ടേഴ്‌സുകള്‍, നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഇടങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ ഗുളിക വിതരണം ചെയ്യും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ജനമൈത്രീ പോലീസ്, സന്നദ്ധസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ഗുളിക കഴിക്കുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. മന്ത് രോഗ പ്രതിരോധഗുളികകള്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നവയല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. ഇ മോഹനന്‍, ഡോ. എം സി വിമല്‍രാജ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ പി പത്മകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി വി രാധാകൃഷ്ണന്‍, റെഡ് ക്രോസ്സ് സൊസൈറ്റി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ നായര്‍, നെഹ്‌റു യുവകേന്ദ്ര കോ-ഓഡിനേറ്റര്‍ ടി അനില്‍കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.