ജില്ലാ സ്‌കൂള്‍ കായികമേള മാറ്റിവെച്ചു

Posted on: November 12, 2014 10:20 am | Last updated: November 12, 2014 at 10:20 am

മലപ്പുറം: കായിക വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ സ്‌കൂള്‍ കായികമേള മാറ്റിവച്ചതായി ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
കലാകായികാധ്യാപകരുടെ തസ്തികയില്‍ ഭാഷ പഠിപ്പിക്കുന്ന അധ്യാപകരെ നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കായികമേള നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നൂറിലധികം പ്രതിഷേധക്കാര്‍ ട്രാക്ക് വലയംചെയ്തു. ട്രാക്കില്‍ കുത്തിയിരുന്ന സംഘംഗ്രൗണ്ട് കൈയടക്കി. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സ്‌കൂള്‍ കായികമേളയ്‌ക്കെത്തിയ കായികാധ്യാപകരും എം എസ് എഫ്, കെ എസ് യു, എസ് എഫ് ഐ വിദ്യാര്‍ഥി സംഘടനകളും എത്തിയതോടെ മത്സരം നടത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങി. അപ്പോഴും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി ട്രാക്കില്‍ കുത്തിയിരിക്കുകയായിരുന്നു. മേള ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വേദിയില്‍ എത്തിയിരുന്നില്ല. ഡി ഡി ഇ. ടി കെ ജയന്തി അടക്കമുളളവര്‍ വേദിയിലുണ്ടായിരുന്നു.
ജില്ലാതലത്തിലേക്ക്തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ ഗ്രൗണ്ടില്‍ എത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ ഡി ഡി ഇ കായികമേള കോ ഓര്‍ഡിനേറ്റര്‍മാരുടെ യോഗം വിളിച്ചു. തുടര്‍ന്ന് മത്സരം നിറുത്താന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഓര്‍ഡറനുസരിച്ച് കലാകായികാധ്യാപക തസ്തികയിലേക്ക് അധ്യാപക ബേങ്കില്‍ നിന്ന് ഭാഷാധ്യാപകരെ നിയമിക്കാന്‍ ഡി ഡി ഇ ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവ് റദ്ദാക്കിയതായി ഡി ഡി ഇ ഇന്നലെ അറിയിച്ചു. അതിനിടെ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ മത്സരം നടന്നു. അരീക്കോട് സബ്ജില്ലയിലെ എം വിശാല്‍ (ജി എച്ച് എസ് എസ് അരീക്കോട്) ഒന്നാം സ്ഥാനം നേടി. അടുത്തമാസം 20ന് പാലക്കാട് വച്ചാണ് സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്നത്. അതിന് മുമ്പ് മത്സരം നടത്താനായില്ലെങ്കില്‍ മലപ്പുറത്തെ കുട്ടികള്‍ക്ക് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാനാകില്ല.