ചോക്കാട് പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

Posted on: November 12, 2014 10:12 am | Last updated: November 12, 2014 at 10:12 am

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പുറത്താക്കപ്പെട്ടതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍. മുസ്‌ലിം ലീഗും കോണ്‍ഗ്രസും എട്ട് വീതം അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ 14 മാസം മുമ്പ് പ്രസിഡന്റായത്.
പ്രസിഡന്റ് സ്ഥാനം അവിശ്വാസത്തിലൂടെ പുറത്താക്കുകയും വൈസ്പ്രസിഡന്റിന് കൂടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുക്കുകയും ചെയ്തതോടെയാണ് ഭരണം പ്രതിസന്ധിയിലാകാന്‍ കാരണം. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് രണ്ടംഗങ്ങളുള്ള സി പി എം ഇരു വിഭാഗത്തേയും പിന്തുണക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പഞ്ചായത്തില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ഇരു സ്ഥാനങ്ങളിലേക്കും നറുക്കെടുപ്പ് വേണ്ടിവരും. ചോക്കാട് പഞ്ചായത്തില്‍ മാളിയേക്കല്‍ അടക്കമുള്ള പല പ്രദേശങ്ങളിലും സി പി എം പ്രവര്‍ത്തകര്‍ രാഷ്ട്രീയ പോരാട്ടത്തില്‍ നില്‍ക്കുന്നത് ലീഗുമായി എതിരിട്ടാണെന്നതിനാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
എന്നാല്‍ ‘ജനവിരുദ്ധനായ’ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കല്‍ പ്രതിപക്ഷത്തിന്റെ ധാര്‍മിക ബാധ്യതയാണെന്ന് പറഞ്ഞാണ് സി പി എം നേതൃത്വം പാര്‍ട്ടി നിലപാടിലേക്ക് ഈ വിഭാഗം പ്രവര്‍ത്തകരെയെത്തിച്ചതെന്നാണ് അറിയുന്നത്. ഒരു കാലത്ത് സി പി എമ്മില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി വൈസ് പ്രസിഡന്റ് കൂടിയായി മാറിയ അന്നമ്മാ മാത്യുവിനെതിരേയും അവിശ്വാസം കൊണ്ട് വന്നതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് അയവ് വന്നത്.
ചോക്കാട് ടൗണ്‍ വാര്‍ഡ് അംഗം സ്വതന്ത്രനായ പൈനാട്ടില്‍ അശ്‌റഫിനെ മത്സരിപ്പിച്ചായിരിക്കും മുസ്‌ലിംലീഗ് പ്രസിഡന്റ് പദത്തിലേക്കുള്ള ഭാഗ്യ പരീക്ഷണത്തിനിറങ്ങുക. അതേസമയം, കോണ്‍ഗ്രസില്‍നിന്നും പ്രസിഡന്റ് പദവിയിലേക്ക് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനേയും വൈസ്പ്രസിഡന്റ് പദവിയിലേക്ക് അന്നമ്മാ മാത്യൂവിനെയും തന്നെയായിരിക്കും വീണ്ടും മത്സരിപ്പിക്കുക എന്നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മധുജോസഫ് പറഞ്ഞത്.