ഛത്തീസ്ഗഢ് വന്ധ്യംകരണ ശസ്ത്രക്രിയ: മരണം 12 ആയി

Posted on: November 12, 2014 10:07 am | Last updated: November 12, 2014 at 10:44 pm

Chhattisgarh_sterilisation_റായ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയി. വന്ധ്യംകരണത്തിന് വിധേയരായ അറുപത് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ബിലാസ്പൂരിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വന്ധ്യംകരണത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കാനിടയായതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ സംസ്ഥാന സര്‍ക്കാറും നിയമിച്ചു. പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാന ആരോഗ്യ മന്ത്രി അമര്‍ അഗള്‍വാളിന്റെ ജില്ലയായ ബിലാസ്പൂരിലെ താഖത്പൂരില്‍ ശനിയാഴ്ചയാണ് ആരോഗ്യ വകുപ്പ് വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിച്ചത്. കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂടുതല്‍ പേരെ ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് 1,400 രൂപയും സ്ത്രീകളെ ശസ്ത്രക്രിയക്കായി ക്യാമ്പില്‍ എത്തിക്കുന്ന ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഒരു കേസിന് ഇരുനൂറ് രൂപ വീതവും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ബിലാസ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നേമി ചന്ദ് ആശുപത്രിയില്‍ സംഘടിപ്പിച്ച കുടുംബാസൂത്രണ ക്യാമ്പില്‍ 85 സ്ത്രീകളാണ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത്. ശനിയാഴ്ച രാത്രി തന്നെ ഇവര്‍ ആശുപത്രി വിടുകയും ചെയ്തു. വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരും വീണ്ടും ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് വിധേയയായ ജാനകി ഭായ് (30) ആണ് ആദ്യം മരിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ ബിലാസ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകളെ മുഖ്യമന്ത്രി രമണ്‍ സിംഗ് സന്ദര്‍ശിച്ചു. കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മരിച്ച സ്ത്രീയുടെ അടുത്ത ബന്ധുവിന് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ വീതവും ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് അമ്പതിനായിരം രൂപ വീതം ചികിത്സാ സഹായമായും സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി രമണ്‍ സിംഗിനോട് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢിലെ ബാലോദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 2011ല്‍ സംഘടിപ്പിച്ച തിമിര ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത 44 പേരുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.