അബുല്‍കലാം ആസാദ് ആദര്‍ശവാനായ മതേതരവാദി: സുധീരന്‍

Posted on: November 12, 2014 9:56 am | Last updated: November 12, 2014 at 9:56 am

sudheeranകോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും ആദര്‍ശവാനായ മതേതരവാദിയായിരുന്നു മൗലാന അബുല്‍കലാം ആസാദെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സ്വാതന്ത്ര്യ സമരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച ആസാദ് തികഞ്ഞ മതവിശ്വാസിയും അതേസമയം തികഞ്ഞ മതേതരവാദിയുമായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന മൗലാന അബുല്‍ കലാം ആസാദിന്റെ ഛായാചിത്രം ഡി സി സി ഓഡിറ്റോറിയത്തില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് നെഹ്‌റു ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി എത്രയോ തവണ ജയില്‍വാസം അനുഷ്ഠിച്ചു. രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ദീര്‍ഘ വീക്ഷണത്തോടെ കാലോചിതമായി പരിഷ്‌കരിക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. ജനാധിപത്യം പൂര്‍ണമാകണമെങ്കില്‍ മതേതരമൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നു. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ ജനങ്ങളുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തി മനസ്സുകളെ വിഭജിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമങ്ങള്‍ നടത്തുന്ന ഇക്കാലത്ത് മതേതരത്വം ഉയര്‍ത്തിപ്പിടിച്ച മൗലാനയെക്കുറിച്ചുള്ള സ്മരണകള്‍ തലമുറകള്‍ക്ക് പ്രചോദനകരമാണെന്ന് വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.