ഖാദിസിയ്യ ഇരുപതിന്റെ നിറവില്‍

Posted on: November 12, 2014 5:54 am | Last updated: November 12, 2014 at 12:54 am

പതിറ്റാണ്ടുകള്‍ക്കപ്പുറം യൂഫ്രട്ടീസിന്റെ ചാരത്ത് തിരുനബി (സ)യുടെ സ്വഹാബി വര്യര്‍ സഅ്ദ്ബിന്‍ അബീവഖാസ് (റ) തീര്‍ത്ത ധാര്‍മിക വിപ്ലവത്തിന്റെ ചരിത്രാവര്‍ത്തനം സുസാധ്യമാക്കുകയാണ് ദക്ഷിണ കൈരളിയുടെ മടിത്തട്ടില്‍ ഖാദിസിയ്യ.
കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയിലെ പാരമ്പര്യ മുസ്‌ലിംകളുടെ വിശിഷ്യാ കേരള മുസ്‌ലിംകളുടെ പുരോഗതിയുടെ ഘടികാര സൂചി പിന്നോട്ട് വലിച്ച് ജാഹിലിയ്യത്തിലെത്തിക്കാന്‍ ഇറങ്ങിത്തിരിച്ച നവമതപരിഷ്‌കാരികള്‍ പറഞ്ഞ് തീര്‍ത്ത അപസര്‍പ്പക കഥകള്‍ ഏറെയാണ്. നവോത്ഥാനം എന്ന സാങ്കല്‍പിക കച്ചിത്തുരുമ്പില്‍ അഭയം കണ്ടെത്തിയ ഇവര്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അസ്തിവാരം സുന്നികളുടെ പിരടിയില്‍ വെച്ചു കെട്ടാന്‍ ആവതു ശ്രമിച്ചതാണ്. പക്ഷേ, പിടിച്ച കുന്തത്തിന്റെ മുന അവരറിയാതെ അവരിലേക്ക് തിരിഞ്ഞ് നില്‍ക്കുന്നുവെന്നത് കാലം നോക്കിക്കാണുകയാണ്.
മതപണ്ഡിതരെ എല്ലാ രംഗത്തും വാതിലടച്ച് പടിക്ക് പുറത്ത് നിര്‍ത്താന്‍ സ്വാതന്ത്ര്യ സമരകാലം മുതല്‍ ആസൂതിത ശ്രമം തുടങ്ങിയെങ്കിലും പണ്ഡിതര്‍ മുന്നില്‍ നിന്ന് തന്നെയാണ് സ്വാതന്ത്ര്യ വിപ്ലവങ്ങളുടെ പോര്‍ക്കളം തുറന്നിട്ടത്. 1885ല്‍ കോണ്‍ഗ്രസ്് രൂപം കൊളളുന്നതിന് എത്രയോ മുമ്പ് മുസ്‌ലിം പണ്ഡിതര്‍ സ്വാതന്ത്ര്യത്തിന്റെ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. 1860കളില്‍ തഹ്‌രീകെ മുസ്തഫ എന്ന സംഘടന രൂപവത്കരിച്ച് രംഗത്ത് വന്ന പണ്ഡിത കേസരിയായിരുന്നു അഹ്മദ് റിളാഖാന്‍ ബറേല്‍വി (റ).
ഈ തുടര്‍ച്ചകള്‍ക്ക് മുറിവേല്‍ക്കാതെ നിലനിര്‍ത്തുകയും ഒപ്പം സാമൂഹിക രംഗത്ത് സംജാതമാകുന്ന അനാരോഗ്യ പ്രവണതകളെ നിര്‍മാര്‍ജനം ചെയ്ത് ഇന്ത്യയുടെ എല്ലാവിധമുളള പുരോഗതിക്കും ആക്കം കൂട്ടുകയുമാണ് ഖാദിസിയ്യ പ്രസ്ഥാനം നിര്‍വഹിക്കുന്ന ദൗത്യം.
വളരുന്ന മനുഷ്യര്‍ക്കൊപ്പം ധാര്‍മിക സംസ്‌കാരം ഉണ്ടാകണം. മുസ്‌ലിംകള്‍ക്കൊപ്പം ഇസ്‌ലാമുമുണ്ടാകണം. ഇതിനായി വൈജ്ഞാനിക തലങ്ങളില്‍ മാത്രം ഒതുങ്ങാതെ ആതുരസേവന – സാംസ്‌കാരിക മതരംഗങ്ങളില്‍ അത് നിര്‍ണായക സ്ഥാനം ഏറ്റെടുത്തു. 30 സംരംഭങ്ങളില്‍ 4 ജില്ലകളിലായി 3000ത്തിലധികം വിദ്യാര്‍ഥികള്‍.
മതത്തിന്റെ മൂല്യങ്ങള്‍ പ്രബോധനം ചെയ്യുക എന്ന പണ്ഡിതവൃന്ദത്തിന്റെ അടിസ്ഥാന ബാധ്യത നിര്‍വഹിക്കാന്‍ പാകത്തിന് പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുന്ന ശരീഅത്ത് കോളജ് എന്ന ദര്‍സായിരുന്നു ആദ്യം തുടങ്ങിയത്. കഴിവുറ്റ പ്രബോധകരായി ഇതിനകം ഇരുന്നൂറ്റിനാല്പത് മതപണ്ഡിതര്‍ മൗലവി ആലിം ജൗഹരികളായി പ്രബോധന രംഗത്തുണ്ട്. മൗലിക തത്വങ്ങളെ നിരാകരിക്കാത്ത പുതുമകളെ ഉള്‍ക്കൊണ്ട് തന്നെ E Propagation രംഗത്ത് അനന്തസാധ്യതകള്‍ തേടുന്ന പ്രബോധന നെറ്റ് വര്‍ക്ക് ഇതിനകം ഖാദിസിയ്യ സാധ്യമാക്കി.
പ്രധാനമായും മൂന്ന് ദൗത്യങ്ങള്‍ ഇവര്‍ ജീവിത ശൈലിയായി സ്വീകരിച്ചിരിക്കുന്നു. 1. അല്ലാഹുവിന്റെ ദര്‍ശനങ്ങളുടെ വിശ്വാസ കര്‍മരംഗത്ത് വ്യതിയാനം സൃഷ്ടിക്കാന്‍ അധിനിവേശം നടത്തുന്നവര്‍ക്കെതിരില്‍ ഉറക്കമൊഴിച്ച് സമുദായത്തിന് കാവലിരിക്കുക. തൗഹീദിനെ നെഞ്ചിലേറ്റുക. 2. ജന്മനാടായ ഇന്ത്യയെ സ്‌നേഹിക്കുകയും അതിന്റെ അഖണ്ഡതക്ക് മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളില്‍ നിന്ന് സ്വയം മാറിയും മറ്റുളളവരെ പിന്തിരിപ്പിക്കാനും ആവതു ശ്രമിക്കുക, 3. ഇസ്‌ലാം മതം വിഭാവനം ചെയ്യുന്ന സകല നന്മകളെയും വിദ്യാ-സേവന- സമര്‍പ്പണ മേഖലയില്‍ മാതൃകകള്‍ സൃഷ്ടിച്ച് സാമൂഹിക – സാംസ്‌കാരിക രംഗങ്ങളില്‍ കാര്‍മികത്വം വഹിക്കുക.
ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു വരെ സ്‌കൂള്‍ – മതപഠനം സമഗ്രമായി സമ്മേളിപ്പിച്ച് മാതൃകാ കുടുംബിനികളെ വാര്‍ത്ത് വിടുന്നു. ഇതിനായി തര്‍ബിയതുല്‍ ബനാത്ത് കോഴ്‌സ് നല്‍കുന്നു. ഒപ്പം വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ അവസരവും ബനാത്തിലുണ്ട്. ഇസ്‌ലാമിക ബാലപാഠങ്ങള്‍ പകര്‍ന്നെടുക്കാന്‍ ആയിരത്തിലധികം കുട്ടികള്‍ പത്തിലധികം മദ്‌റസകളിലായി അറിവ് നുകരുന്നു.
യുവാക്കളെ ഇസ്‌ലാമിക മൂല്യങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ദഅ്‌വകോളജില്‍ നിന്ന് ഇതിനകം നൂറോളം പേര്‍ ദൗത്യവാഹക സംഘമായി കേരളക്കരയില്‍ പരിലസിക്കുന്നു. അണിയറയില്‍ ഇരുന്നൂറിലധികം പേര്‍ കര്‍മ്മകാണ്ഡം ഏറ്റെടുക്കുന്ന തകൃതിയിലാണ്. യമനിലെ ഹളര്‍ മൗത്തിലെ ദാറുല്‍മുസ്തഫാ എന്ന സ്ഥാപനത്തിലേക്ക് മഖ്ദൂമിയ്യ ദഅ്‌വ കോഴ്‌സ് പൂര്‍ത്തിയാക്കി മൂന്ന് പേര്‍ ഉപരിപഠനാര്‍ഥം ചേര്‍ന്നതും അവിടെ നിന്ന് ബിരുദം ആര്‍ജിച്ചതും ഐ എ എസ് പരീക്ഷയില്‍ സാന്നിധ്യമറിയിക്കാനും കേരളം കാതോര്‍ക്കുന്ന പ്രസംഗശൈലി നേടിയെടുക്കാനും ദഅ്‌വ വിദ്യാര്‍ഥികള്‍ക്കായി എന്നതും മുസ്‌ലിം കൈരളിക്ക് അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്നതാണ്.
വിശുദ്ധ ഖുര്‍ആന്‍ അര്‍ഥതലങ്ങള്‍ പ്രാപിക്കുന്നതിന് മുമ്പ് അതിന്റെ ആയത്തുകള്‍ അഥവാ ഖുര്‍ആന്‍ മനഃപാഠമാക്കാനുളള വേദി ഖാദിസിയ്യ കൊട്ടാരക്കര ആവണീശ്വരം, കണിയാപുരം, തഴുത്തല, കൊട്ടുക്കാട് എന്നീ നാലിടങ്ങളില്‍ സംവിധാനിച്ചിരിക്കുന്നു. യുവതലമുറയുടെ നിര്‍മാണ പ്രക്രിയയില്‍ മറ്റൊരു ചുവടു വെപ്പായി മോഡല്‍ അക്കാദമി, സാമ്പത്തിക പരാധീനതയുടെ നീരാളിപ്പിടുത്തത്തില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി ചേര്‍ക്കാനാവാത്ത നിരാലംബര്‍ക്ക് മറ്റ് കോഴ്‌സുകളെപ്പോലെ തികച്ചും സൗജന്യമായി മതപഠനം സ്‌കൂള്‍ പഠനത്തോടൊപ്പം നല്‍കുന്നു.
ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാധിപ്പിച്ചെടുക്കാന്‍ ബോര്‍ഡിംഗ് മദ്‌റസ തഴുത്തലയില്‍ സംവിധാനിച്ചിരക്കുന്നു. ഉയര്‍ന്ന തസ്തികകളില്‍ ഇവിടെ പഠിച്ചവര്‍ സേവനനിഷ്ഠരാണ്.
കേവല ഭൗതിക വാദങ്ങള്‍ മാത്രം പരിചയിക്കുന്ന സമൂഹത്തിന് ധര്‍മം കൂടി ഒപ്പം നല്‍കുന്ന ഇസ്‌ലാമിക അന്തരീക്ഷമുള്ള രണ്ട് സ്‌കൂളുകളില്‍ ഒന്ന് തഴുത്തലയിലും മറ്റൊന്ന് ചവറയിലും പ്രസക്തമായ വിലാസത്തോടെ ഉയര്‍ന്ന് നില്‍ക്കുന്നു. ആയിരം വിദ്യാര്‍ഥികളുടെ വിദ്യാസങ്കേതമാണിവിടം. ഖാദിസിയ്യയുടെ ബ്രാഞ്ചുകളില്‍ ചിറവയില്‍ ശറഫുല്‍ ഇസ്‌ലാം മസ്ജിദ് കണ്ണനല്ലൂര്‍ മുഹ്‌യിദ്ദീന്‍ മസ്ജിദ്, ആദിക്കാട്ടുകുളങ്ങര ദാറൂല്‍ മുസ്തഫ പനവൂര്‍ കൂനന്‍വേങ്ങ മസ്ജിദ്, കണിയാപുരം കാവോട്ട് മസ്ജിദ് എന്നിവടങ്ങളില്‍ ദര്‍സ് നടന്ന് വരുന്നു.
പ്രൊഫഷണല്‍ മേഖലയിലും വ്യവസായ രംഗത്തുമുളള സമുന്നതര്‍ക്ക് ദഅ്‌വ ലക്ഷ്യം വച്ച് നടക്കുന്ന ക്യൂ ഇ സിയുടെ ഖുര്‍ആന്‍ പഠനവേദിയും ആനുകാലിക സാഹചര്യങ്ങളില്‍ ദഅ്‌വത്ത് ലക്ഷ്യം വെച്ച് പഠനവേദികള്‍ സംവിധാനിക്കുന്ന ഖാദിസിയ്യ സ്വന്തമായി ഒരു മാസിക (ഇന്‍ഫോ ഇസ്‌ലാം) രണ്ട് വര്‍ഷമായി തുടര്‍ച്ചയായി പുറത്തിറക്കുന്നു.
എസ് എസ് എഫ് ഇരുപതാം വാര്‍ഷികം ഫറോക്ക് ഖാദിസിയ്യയില്‍ നടക്കുമ്പോഴാണ് ദക്ഷിണ കേരളത്തില്‍ ഒരു സുന്നി കേന്ദ്രം എന്ന ആശയം ശക്തിപ്പെടുന്നത്. പ്രസ്തുത കാലയളവില്‍ തന്നെ ഖാദിസിയ്യ എന്ന പേരില്‍ തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിന്റെ കര്‍മ വഴിയിലൂടെ ദക്ഷിണകേരളത്തിലെ സുന്നി മര്‍കസ് എന്ന തലത്തിലേക്ക് ഈ പ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. നാല്‍പത്തിമൂന്ന് ജൗഹരികളും ഇരുപത്തിനാല് ഹാഫിളുകളും നാല് ഹാഫിളത്തുകളും സനദ് സ്വീകരിക്കുന്ന മഹാസമ്മേളനം നവം: 14,15,16 തീയതികളില്‍ നടക്കുകയാണ്. സിറാജുല്‍ ഉലമ ഹൈദ്രൂസ് മുസ്‌ലിയാര്‍ (പ്രസിഡന്റ്) ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി(ജന. സെക്രട്ടറി), യൂസുഫ് ഹാജി(ട്രഷര്‍) എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം മുന്നേറുന്നത്.