Connect with us

Ongoing News

പ്രവാസികളയക്കുന്ന പണത്തിന് സര്‍വീസ് ടാക്‌സ്: പ്രതിഷേധവുമായി കേരളം

Published

|

Last Updated

തിരുവനന്തപുരം: പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രധനമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേരളം. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്തും ഇത്തരം ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നതാണ്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെകണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ നിര്‍ദ്ദേശം പിന്‍വലിച്ചു.
ഇപ്പോള്‍ വീണ്ടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഇറക്കിയ സര്‍ക്കുലറിലൂടെ സര്‍വീസ് ടാക്‌സ് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. എത്രയും വേഗം ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികാര്യമന്ത്രി കെ സി ജോസഫ് കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റിലിക്ക് കത്തയച്ചു. സെപ്തംബറില്‍ നടന്ന സ്റ്റേറ്റ് ലെവല്‍ ബേങ്കിംഗ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 95000 കോടി രൂപ ബാങ്കുകള്‍ മുഖേനമാത്രം എത്തിയെന്നാണ്.
ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ഏഴ് ശതമാനത്തോളം ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ കമ്മീഷനായി പ്രവാസികളില്‍ നിന്നും ഈടാക്കുന്നുണ്ട്. ഈ കമ്മീഷന് വീണ്ടും 12.36 ശതമാനം സര്‍വീസ് ടാക്‌സ് ഈടാക്കുന്നത് വലിയ ക്രൂരതയാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണ് ഈ നടപടി. 90 ശതമാനം പ്രവാസികളും സാധാരണ ജോലിക്കാരാണ്. സര്‍വീസ് ടാക്‌സ് ധനകാര്യ സ്ഥാപനങ്ങള്‍ക്കാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഫലത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവാസികളില്‍ നിന്നും ഈ തുക ഈടാക്കാന്‍ ശ്രമിക്കും.
ഇത് ഡബിള്‍ ടാക്‌സേഷനാണ്. ടാക്‌സേഷന്റെ എല്ലാ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ഒരേയവസരത്തില്‍ രണ്ട് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 

Latest