Connect with us

International

പ്രക്ഷോഭകര്‍ അകാപുല്‍കോ അന്താരാഷ്ട്ര വിമാനത്താവളം വളഞ്ഞു

Published

|

Last Updated

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ നാല്‍പ്പത് വിദ്യാര്‍ഥികളുടെ കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്ന പ്രക്ഷോഭകര്‍ അകാപുല്‍കോ അന്താരാഷ്ട്ര വിമാനത്താവളം വളഞ്ഞു. പോലീസുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് മാഫിയാ സംഘങ്ങള്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കൊല നടന്നതെന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിമാനത്താവളത്തിലേക്ക് മാര്‍ച്ച് ചെയ്തതിന് ശേഷമാണ് വിമാനത്താവളം വളഞ്ഞത്. ഗ്വരേറോയിലെ യംഗ് മെന്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജിലെ 43 വിദ്യാര്‍ഥികളെയാണ് മാഫിയാ സംഘം കൊലപ്പെടുത്തിയത്. പ്രതിഷേധം വ്യാപിക്കുന്നത് പ്രസിഡന്റ് എന്റിക്വേ പെന നീറ്റോയുടെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പോലീസ് വിദ്യാര്‍ഥികളെ മാഫിയ സംഘത്തിന് കൈമാറിയതാണെന്നും അതിന് ശേഷമാണ് കൂട്ടക്കൊല നടന്നതെന്നും മാഫിയ സംഘത്തിലെ പ്രതിനിധി സമ്മതിച്ചിരുന്നു. ഇതിനിടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ വിദ്യാര്‍ഥികളുടെതാണെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, മൃതദേഹങ്ങളുടെ ഡി എന്‍ എ പരിശോധന നടത്തി തിരിച്ചറിയാന്‍ പ്രയാസമാണെന്ന് അറ്റോര്‍ണി ജനറല്‍ ജീസസ് മുറില്ലോ കാരം പറഞ്ഞിരുന്നു. പ്രസിഡന്റ് കൊലപാതകിയാണെന്നും അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്നും റാലിയില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം പടരുന്നതിനിടയില്‍ ചൈനയില്‍ ഉച്ചകോടിക്ക് പോകാന്‍ പ്രസിഡന്റ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ പെന ചൈനയില്‍ നില്‍ക്കട്ടെ എന്ന് മുദ്രാവക്യം വിളിച്ചാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. മൂന്ന് മണിക്കോറോളം വിമാനത്താവള കവാടം പ്രതിഷേധക്കാര്‍ വളഞ്ഞു. വിമാനത്താവളത്തില്‍ വരുന്ന വഴിയില്‍ പോലീസിന് നേരെ കല്ലേറ് നടത്തിയും ഫയര്‍ ബോംബ് എറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 20 ഓഫീസര്‍മാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.