മതസ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ ‘ലോകം’ ഒന്നിച്ച് ഒപ്പ് വെച്ചു

Posted on: November 12, 2014 12:02 am | Last updated: November 12, 2014 at 12:30 am

വാഷിംഗ്ടണ്‍: എല്ലാവര്‍ക്കും മത സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ആഗോളവ്യാപകമായി 30 പാര്‍ലിമെന്റ് അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചു. ലോകവ്യാപകമായി മതസ്വാതന്ത്ര്യത്തിനെതിരെ കടന്നുകയറ്റം അരങ്ങേറുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത മതങ്ങളില്‍ നിന്നുമുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍ വ്യത്യസ്തമായ ഈ പദ്ധതിയുമായി മുന്നോട്ടുവന്നതെന്ന് യു എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം(യു എസ് സി ഐ ആര്‍ എഫ്) അധ്യക്ഷ കത്രീന ലാന്റോസ് പറഞ്ഞു. മനുഷ്യാവകാശങ്ങളില്‍പ്പെട്ടതെന്ന് ആഗോളവ്യാപകമായി അറിയപ്പെട്ട മതസ്വാതന്ത്ര്യത്തെ പിന്തുണക്കാനാണ് മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പ്രദേശങ്ങളുടെയും ഭാഷ മറന്ന് 30 പാര്‍ലിമെന്റ് അംഗങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഓസ്‌ലോയിലെ നോബേല്‍ പീസ് സെന്ററില്‍ വെച്ചാണ് പാര്‍ലിമെന്റ് അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചത്. അര്‍ജന്റീന, ബ്രസീല്‍, ബര്‍മ, കാനഡ, കോസ്റ്റ റിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ജര്‍മനി, ഇറ്റലി, മലേഷ്യ, നേപ്പാള്‍, നോര്‍വെ, പാക്കിസ്ഥാന്‍, പശ്ചിമാഫ്രിക്ക, ശ്രീലങ്ക, തുര്‍ക്കി, ബ്രിട്ടന്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍ നാഷനല്‍ റിലീജിയസ് ഫ്രീഡത്തിലെ രണ്ട് പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയും ഇവരില്‍ ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ക്ക് സംയുക്ത പ്രസ്താവനയുടെ ഒരു കോപ്പി അയച്ച് നല്‍കിയിട്ടുണ്ട്.