ഇമാം നവവി പുരസ്‌കാരം കാന്തപുരത്തിന്

Posted on: November 12, 2014 12:19 am | Last updated: November 12, 2014 at 12:19 am
KANTHAPURAM
കുവൈത്ത് പ്രവിശ്യാ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ സബാഹ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു

തിരുവനന്തപുരം: കൊല്ലം ഖാദിസിയ്യ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന ഇമാം നവവി പുരസ്‌കാരം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. വിദ്യാഭ്യാസ, സാമുദായിക, രംഗത്തെ കാന്തപുരത്തിന്റെ സംഭാവനകളും, മതസൗഹാര്‍ദവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ ഡോ. എന്‍ ഇല്യാസ്‌കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,001 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് 16ന് കൊല്ലം തഴുത്തല ഖാദിസിയ്യയില്‍ നടക്കുന്ന ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കും. മുഖ്യാതിഥി സയ്യിദ് അല്‍ ഹബീബ് അല്‍ ഹദ്ദാദ് മക്ക, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, പി പി ഫൈസല്‍ എം പി ലക്ഷദ്വീപ്, എം എ ബേബി എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തിലാകും പുരസ്‌കാരം നല്‍കുക. പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, സയ്യിദ് സൈനുദ്ദീന്‍ ബാഅലവി തങ്ങള്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, മുഈനുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.