Connect with us

Wayanad

മനുഷ്യരോടുള്ള ഭയം വന്യജീവികളെ ആക്രമണത്തിന് പ്രേരിപ്പിക്കും: ഡോ.വിദ്യ ആത്രേയ

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വന്യ ജീവികള്‍ക്കെല്ലാം മനുഷ്യരെ ഭയമാണെന്നും ജീവനിലുള്ള ഭയംമൂലമാണ് വന്യജീവികള്‍ അക്രമണത്തിന് തുനിയുന്നതെന്നും പ്രമുഖ ജൈവ ശാസ്ത്രജ്ഞയായ ഡോ. വിദ്യ ആത്രേയ അഭിപ്രായപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരിയില്‍ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് വനം വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. വന്യജീവികള്‍ നാട്ടിലിറങ്ങുമ്പോള്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും ഓടിക്കുന്നതും അവയെ ഭയപ്പെടുത്തും. രക്ഷപ്പെടാന്‍ പഴുതുകള്‍ തേടുമ്പോഴാണ് കടുവയടക്കമുള്ളവ ആക്രമണകാരികളാകുന്നത്. വന്യജീവികളുടെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് ഇത് തടയാനുള്ള പ്രധാന മാര്‍ഗ്ഗം. വനത്തിലുള്ളതിനേക്കാള്‍ ധാരാളം ഇരകളുള്ളതും ലളിതമായി പിടിക്കാനുള്ള സാധ്യതയുമാണ് വന്യജീവികളെ നാട്ടിലേക്കാകര്‍ഷിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ നല്ല കൂടുകളിലടക്കുകയും അക്രമകാരികളായ വന്യജീവികളുള്ള വനമേഖലകളില്‍ മേയാന്‍ വിടുന്നത് ഒഴിവാക്കുകയും വേണം. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് എളുപ്പത്തില്‍ ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കണമെന്നും വിദ്യ അത്രേയ പറഞ്ഞു.
ആഹാര സാധനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ആനകള്‍ നാട്ടിലിറങ്ങുന്നതിന് പ്രധാന കാരണമെന്ന് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ ഡോ. അനന്ത്കുമാര്‍ പറഞ്ഞു.
ആനകളുടെ സാന്നിധ്യമറിയാത്തത് കാരണമാണ് പലരും അപകടത്തില്‍പ്പെടുന്നത്. ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ച് ആനകളുള്ള സ്ഥലം ജനങ്ങളെ അറിയിക്കണം. നാട്ടിലിറങ്ങിയ വന്യജീവികളെക്കുറിച്ച് വനം വകുപ്പിനെ പെട്ടെന്ന് അറിയിക്കാന്‍ സംവിധാനമുണ്ടാകണം. വന്യമൃഗങ്ങളെ തുരത്തുന്നതില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വനംവകുപ്പില്‍ രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനും മൃഗങ്ങള്‍ക്ക് ഉപദ്രവമേല്‍ക്കാതിരിക്കാനും ജനങ്ങള്‍ക്ക് സമഗ്രമായ ബോധവത്ക്കരണം നല്‍കണമെന്ന് മുംബൈ സഞ്ജയ്ഗാന്ധി നാഷനല്‍ പാര്‍ക്ക് ഡയറക്ടര്‍ വികാസ്ഗുപ്ത പറഞ്ഞു. റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍ മുതലായവയിലൂടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ബോധവത്ക്കരണം നല്‍കണം.
ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തമന്‍ അധ്യക്ഷനായിരുന്നു. സൗത്ത് വയനാട് ഡി എഫ് ഒ. പി ധനേഷ്‌കുമാര്‍ സ്വാഗതവും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത്ത്.കെ.രാമന്‍ നന്ദിയും പറഞ്ഞു.

Latest