കീരിയുടെ കടിയേറ്റ് പേയിളകിയ പശുവിനെ കൊന്നു

Posted on: November 11, 2014 10:25 am | Last updated: November 11, 2014 at 10:25 am

പയ്യോളി: പേ വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശുവിനെ മരുന്നു കുത്തിവെച്ച് കൊന്നു.
തിക്കോടി വീരമഞ്ചേരി എളമ്പിലാട് പനാട്ട് താഴ ലീലയുടെ പശുവിനെയാണ് മൂടാടി വെറ്റിനറി സര്‍ജന്‍ പി അരുണിന്റെ നേതൃത്വത്തില്‍ കൊന്നത്. കീരിയുടെ കടിയേറ്റതാകാം വിഷബാധക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും കടിയേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പശു പേയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഉടന്‍ വീട്ടുടമ വെറ്റിനറി സര്‍ജനെ വിവരമറിയിക്കുകയായിരുന്നു. അതേ സമയം, പശുവിന് പേയിളകിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. പശുവിന് പേയിളകിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പശുവിനെ പരിചരിക്കുന്നത് കൊണ്ടോ പാല്‍ ഉപയോഗിച്ചതു കൊണ്ടോ പേ വിഷബാധ മനുഷ്യരിലേക്ക് പകരില്ലെന്നും വെറ്റിനറി സര്‍ജന്‍ അറിയിച്ചു.